
കൊച്ചി: മേജർ രവിയുടെ കോൺഗ്രസ് വേദിയിലേക്കുളള വരവ് ബി ജെ പി ക്യാമ്പിനെയാകെ ഞെട്ടിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ മേജറിന്റെ കൂടുമാറ്റത്തിന് സംസ്ഥാന നേതൃത്വം ഉത്തരം നൽകേണ്ടി വരും. മോദിയുടെ കടുത്ത ആരാധകനായ മേജർ രവി ദിവസങ്ങൾക്ക് മുമ്പ് സംസ്ഥാനത്തെ ബി ജെ പി നേതാക്കളെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാലും കോൺഗ്രസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുളള ഒരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് ബി ജെ പി നേതാക്കളാരും കരുതിയിരുന്നില്ല.
സംഘപരിവാർ സഹയാത്രികയനായ സംവിധായകൻ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഒറ്റ ഒരു നേതാവും നന്ദി പറയാൻ പോലും വിളിക്കാത്തത് അടക്കം അദ്ദേഹത്തെ ചൊടിപ്പിച്ചു. കേരളത്തിലെ ബി ജെ പിയിലെ തൊണ്ണൂറ് ശതമാനം നേതാക്കളും വിശ്വസിക്കാൻ കൊളളാത്തവരാണ്. തനിക്കെന്തു കിട്ടും എന്ന ചിന്തയാണ് എല്ലാ നേതാക്കൾക്കും ഉളളതെന്നും അദ്ദേഹം തുറന്നടിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി പി എം വേദിയിലും മേജറെത്തി. പി രാജീവിനെ ജയിപ്പിക്കാനായിരുന്നു അന്ന് എത്തിയത്. അന്ന് പറഞ്ഞത് ഇങ്ങനെ: ഈ വേദിയിൽ എന്നെ കാണുമ്പോൾ പലരും നെറ്റിച്ചുളിക്കുമായിരിക്കും. എന്നാലും ഞാൻ ഇവിടെ നിൽക്കുന്നത് പി രാജീവിനോടുളള ആത്മബന്ധം കൊണ്ട് കൂടിയാണ്. എറണാകുളത്ത് പി രാജീവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മേജർ രവിയുടെ പ്രസംഗം. ഒരു രാജ്യസഭാ എം പിക്ക് എന്ത് ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് രാജീവ്. അദ്ദേഹത്തെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. പെൻഷൻ വാങ്ങാൻ എം പിയായവരെ പോലെയല്ല പി രാജീവെന്ന മേജർ രവിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ അന്നുതന്നെ വൈറലായി.
‘വേദിയിലും സദസിലുമിരിക്കുന്ന ബഹുമാന്യരേ സഖാക്കളെ..’ എന്ന് സംബോധന ചെയ്‌താണ് അന്ന് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ഇൗ വാക്കുകൾ നിറഞ്ഞ കൈയടിയോടെയായിരുന്നു ജനം സ്വീകരിച്ചത്. ലോക്‌സഭാ എം പിമാർ പോലും 90 ചോദ്യങ്ങൾ ചോദിച്ചാൽ വലിയ കാര്യമാണെന്നിരിക്കെ 798 ചോദ്യങ്ങൾ രാജ്യസഭയിൽ ഉന്നയിച്ച വ്യക്തിയാണ് രാജീവ്. അദ്ദേഹം ഓരോ ദിവസവും ജനങ്ങൾക്ക് വേണ്ടി പാർലമെന്റിൽ ഉണ്ടായിരുന്നു. രാജീവിന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഉറപ്പ് ഉളളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി താൻ വോട്ട് ചോദിക്കുന്നതെന്നും മേജർ രവി വ്യക്തമാക്കി. സി പി എം വേദിയിൽ മേജർ രവി എത്തിയതോടെ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകളും അന്ന് ആരംഭിച്ചിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മേജർ രവി കോൺഗ്രസിലേക്ക് എത്തുന്നത്. അതും രാജീവിനെ തോൽപ്പിച്ച ഹൈബി ഈഡന്റെ തൊട്ടരികെ.

എൽ ഡി എഫ് സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾ മുഴുവൻ റദ്ദാക്കണമെന്ന് പറഞ്ഞ മേജർ രവി തന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിച്ചുവെന്നും ഐശ്വര്യ കേരളയാത്രയിൽ പറഞ്ഞു. വിശ്വാസത്തിൽ ഭരണാധികാരികൾ കൈകടത്തരുത്. തനിക്ക് ഒരുപാർട്ടിയുടെയും അംഗത്വമില്ലെന്നും രാഷ്ട്രീയക്കാരൻ അല്ലെന്നും മേജർ രവി പറഞ്ഞു. അതിനിടെ കോൺഗ്രസ് ടിക്കറ്റിൽ മേജർ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്.