sreenagar

പ്രണയിതാക്കളുടെ പ്രിയപ്പെട്ട ദിനമാണ് വാലന്റൈൻസ് ഡേ. പ്രണയ ദിനം എന്നറിയപ്പെടുന്ന ഫെബ്രുവരി 14 ന് കാത്തിരിക്കാത്ത പ്രണയിതാക്കൾ ചുരുക്കം. ഈ പ്രണയ ദിനത്തിൽ യാത്ര പോവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെട്ടാലോ?​

ഉദയ്പൂർ

ഇന്ത്യയിലെ ഏറ്റവും മികച്ച റൊമാന്റിക് നഗരമാണ് ഉദയ്പൂർ. ആരും അറിയാതെ തന്നെ പ്രണയത്തിലായിപ്പോകുന്ന നഗരമാണ് രാജസ്ഥാനിലെ ഉദയ്പൂർ. തടാകങ്ങളുടെ നാടായ ഇവിടം കൊട്ടാരങ്ങൾക്കും കോട്ടകൾക്കും രാത്രി ജീവിതത്തിനും മാത്രമല്ല, പ്രിയപ്പെട്ടവരോടൊത്ത് ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ചില നിമിഷങ്ങൾ പങ്കുവയ്ക്കുന്നതിനും പറ്റിയൊരിടമാണ്. പിച്ചോളയിലെ സൂര്യാസ്തമയവും ബോട്ടിലുള്ള യാത്രയും കൊട്ടാരങ്ങളുടെ പഴമയിലേക്കുള്ള തിരിഞ്ഞുനോട്ടവുമാണ് ഇവിടുത്തെ ഏറ്റവും റൊമാന്റിക് ആയ കാര്യങ്ങൾ.

ശ്രീനഗർ

ഭൂമിയിലെ സ്വർഗ്ഗത്തിലെ മോസ്റ്റ് റൊമാന്റിക് ഡെസ്റ്റിനേഷനിലൊന്നാണ് ശ്രീനഗർ. ഹൗസ് ബോട്ടിലും മുഗൾ ഗാർഡൻസിലും സമയം ചെലവഴിച്ച് നാടിന്റെ ഭംഗിതേടിയുള്ള യാത്രയും ഇവിടത്തെ രുചികളും എല്ലാം ചേർന്നാൽ മാത്രമെ ശ്രീനഗറിലെ റൊമാന്റിക് യാത്ര പൂർത്തിയാവൂ.

താജ്മഹൽ

പതിറ്റാണ്ടുകളുടെ പ്രണയസങ്കല്പമായി നിറഞ്ഞു നിൽക്കുന്ന താജ്മഹൽ റൊമാന്റിക് യാത്രകൾക്ക് അനുയോജ്യമായ മറ്റൊരിടമാണ്. തന്റെ ഭാര്യയായ മുംതാസിനോടുള്ള അഗാഥമായ പ്രണയത്തിന്റെ അടയാളമായി ഷാജഹാൻ നിർമ്മിച്ച ഈ താജ്മഹൽ കാലങ്ങൾക്കതീതമായി ഇന്നും അനശ്വര പ്രണയത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

കുമരകം

തനി നാടൻ വിശേഷങ്ങളും നാടൻ രുചികളും നാട്ടുകാഴ്ചകളും ഇഷ്ടപ്പെടുന്ന ദമ്പതികൾക്ക് തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് കുമരകം. പരമ്പരാഗത ഹൗസ് ബോട്ടിലെ താമസവും കായലിലൂടെയുള്ള യാത്രയും സ്വകാര്യതയും നാടൻ ഭക്ഷണവും ആയി ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ വേണ്ടത് ഇവിടെയുണ്ട്. 

മണാലി‌

ഹിമാലയത്തിന്റെ ഉയരങ്ങളിൽ മഞ്ഞ് പുതച്ച് റൊമാന്റിക്കായൊരു വാലന്റൈൻസ് ദിനം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് മണാലിയിലേക്ക് പോരാം. ആഘോഷവും സന്തോഷവും സാഹസികതയും കൗതുകവും കൂടിച്ചേരുന്ന വ്യത്യസ്തമായ അനുഭവമാണ് ഇവിടെ ലഭിക്കുന്നത്. സ്കെയിംഗ്, പാരാഗ്ലൈഡിംഗ്, മൗണ്ടനീറിംഗ് തുടങ്ങിയ സാഹസിക റൈഡുകളിൽ സമയം ചെലവഴിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്. നദീതീരങ്ങളിലെ കോട്ടേജുകളിലെ താമസവും ഇവിടത്തെ ശ്രദ്ധേയമായൊരു കാര്യമാണ്.

ജയ്സൽമീർ മരുഭൂമി

ഹരിതാഭയും പച്ചപ്പും ഇഷ്ടമുള്ളവർക്ക് റൊമാന്റിക് ഡെസ്റ്റിനേഷനായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാനിലെ ജയ്സൽമീർ മരുഭൂമി. തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നുമൊഴിഞ്ഞ് മരുഭൂമിയുടെ ശാന്തതയിൽ സമയ ചെലവഴിക്കാം എന്നതാണ് ഇവിടുത്തെ സവിശേഷത. ജീപ്പിലും ഒട്ടകപ്പുറത്തുമുള്ള മരുഭൂമി യാത്രയും മരുഭൂമി ഭക്ഷണങ്ങളുടെ രുചിയും യാത്രയുടെ മനോഹാരിത വർദ്ധിപ്പിക്കും.

ഹംപി

കേൾക്കുമ്പോൾ അത്ര റൊമാന്റിക്കായി തോന്നിയില്ലെങ്കിലും കല്ലുകൾ ചരിത്രം പറയുന്ന ഹംപിയും ഒരു മികച്ച റൊമാന്റിക് ഡെസ്റ്റിനേഷനാണ്. ചരിത്രം പറയുന്ന പാറക്കൂട്ടങ്ങൾക്കു മുകളിലൂടെയുള്ള റൊമാന്റിക് ഡേറ്റ് ഹംപിക്ക് മാത്രം തരാൻ സാധിക്കുന്ന ഒന്നാണ്. ചരിത്രശേഷിപ്പുകൾക്കിടയിൽ നിന്ന് പ്രണയിക്കുവാനും ജീവിതം തുടങ്ങുവാനും ആഗ്രഹിക്കുന്നവർക്ക് ഹംപിയിലേക്ക് പോകാം. കുട്ടവഞ്ചിയിലെ യാത്രയും ടെന്റിലെ താമസവും അതിമനോഹരമായ സൂര്യോദയവും ഒക്കെയായി കുറച്ചധികം കാഴ്ചകൾ ഇവിടെയുണ്ട്.