
മൂന്നാർ: തെക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ വീണ്ടും മഞ്ഞിന്റെ പട്ടുപുതപ്പണിഞ്ഞു. കഴിഞ്ഞ ദിവസം മൂന്നാറിന് സമീപത്തെ ലക്ഷ്മി എസ്റ്റേറ്റിൽ താപനില മൈനസ് രണ്ട് ഡിഗ്രി സെൽഷ്യത്തിലായിരുന്നു. സൈലന്റ് വാലി, ചെണ്ടുവര എന്നിവിടങ്ങളിൽ താപനില മൈനസ് ഒന്ന് രേഖപ്പെടുത്തിയപ്പോൾ സെവൻമല, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ താപനില പൂജ്യം ഡിഗ്രിയായി. മൂന്നാറിൽ രണ്ട് മാസത്തിനിടെ ഇതു മൂന്നാം തവണയാണ് ശൈത്യകാലമെത്തുന്നത്. കഴിഞ്ഞ ഡിസംബർ അവസാനമാണ് താപനില ആദ്യം മൈനസിലെത്തിയത്. പിന്നീട് കനത്ത മഴ വന്നതോടെ മാറിനിന്ന ശൈത്യകാലം മൂന്നാഴ്ചയ്ക്ക് ശേഷം ജനുവരി അവസാനവാരമാണ് തിരികെയെത്തിയത്. ജനുവരി 28ന് ഉയർന്ന് തുടങ്ങിയ താപനില പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് വീണ്ടും മൈനസിലെത്തിയത്.
അഞ്ച് വർഷത്തിന് ശേഷം ആദ്യമായാണ് ഫെബ്രുവരിയിൽ ഇത്തരത്തിൽ തണുപ്പ് അനുഭവപ്പെടുന്നത്. കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രം ജനുവരി, ഫെബുവരി മാസങ്ങളാണ് കേരളത്തിൽ ശൈത്യകാലമായി കണക്ക് കൂട്ടുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളാണ് ജനുവരി അവസാന വാരത്തോടെ ചൂട് കൂടുന്നതാണ് പതിവ്. ഈ വർഷവും അതിന് മാറ്റം വന്നില്ലെങ്കിലും രാത്രികാലത്ത് താപനില കുറയുകയായിരുന്നു. കുറച്ച് ദിവസം കൂടി ഈ തണുപ്പ് സംസ്ഥാനത്തെമ്പാടും നിലനിൽക്കും. പിന്നീട് താപനില വീണ്ടുമുയരാൻ തുടങ്ങുമെന്നാണ് കാലാവസ്ഥ വിദഗ്ദ്ധർ പറയുന്നത്.

സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാർ തണുത്ത് വിറയ്ക്കുന്നു. അഞ്ച് ദിവസമായി പ്രദേശത്തെ താപനില കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രേഖപ്പെടുത്തിയ 0.2 ഡിഗ്രി സെൽഷ്യസാണ് പ്രദേശത്തെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ താപനില. ഫെബ്രുവരി ഏഴിന് 7.8 ഡിഗ്രി, എട്ടിന് 6.6, ഒമ്പതിന് 5.3, 10ന് 3.3. എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ കുറഞ്ഞ താപനില. ഇന്നുവരെ ഈ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ആലപ്പുഴ, കൊച്ചി, കോട്ടയം, കോഴിക്കോട്, പുനലൂർ, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലും മൂന്ന് ദിവസമായി താപനില ശരാശരിയെക്കാൾ കുറവാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഭൂമദ്ധ്യരേഖാപ്രദേശത്ത് പസിഫിക് സമുദ്രജലത്തിന്റെ താപനില ക്രമാതീതമായി താഴുന്ന 'ലാ നിന' പ്രതിഭാസവും നിലനിൽക്കുന്നുണ്ട്. ഏപ്രിൽവരെ ഈ പ്രതിഭാസം തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് ലോക കാലാവസ്ഥാ സംഘടന പുറത്തുവിട്ട പ്രവചനത്തിൽ പറയുന്നത്. ജൂണോടെ അത് സാധാരണ സ്ഥിതി കൈവരിക്കുമെന്നും കരുതുന്നു. ഫെബ്രുവരി- ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ സാധാരണയെക്കാൾ കൂടുതൽ മഴസാദ്ധ്യത പ്രവചിക്കുമ്പോൾ ചൂടിൽ വലിയ വ്യതിയാനമുണ്ടാവില്ലെന്നാണ് പറയുന്നത്.
വട്ടവടയും മഞ്ഞണിഞ്ഞു
മൂന്നാറിനു പിന്നാലെ വട്ടവടയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. പാമ്പാടുംചോലയിൽ ബുധനാഴ്ച രാവിലെ താപനില മൈനസ് ഒന്നിലെത്തി. വട്ടവട പഞ്ചായത്തിലെ പഴത്തോട്ടം, ചിലന്തിയാർ, മാറിമറിയുന്ന കാലാവസ്ഥ, പുൽമേടുകൾ മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. കടവരി മേഖലകളിലും ശക്തമായ തണുപ്പാണ് ഒരാഴ്ചയായി അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ അഞ്ച് വർഷത്തിനിടെ ഇത്രയും തണുപ്പ് അനുഭവപ്പെട്ടിട്ടില്ലെന്നു കർഷകർ പറയുന്നു. കാലാവസ്ഥയിലെ ഈ വ്യതിയാനം വരുംദിവസങ്ങളിൽ കുടിവെള്ളക്ഷാമം ഉണ്ടാക്കുമെന്നാണു പഴമക്കാർ പറയുന്നത്. താപനില താഴ്ന്നാൽ അതു കൃഷിയെയും ബാധിക്കും.

കൃഷി താളം തെറ്റുന്നു
വർഷം തോറും മാറിമറിയുന്ന കാലാവസ്ഥ മൂന്നാറിന്റെ ടൂറിസം, കൃഷി മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മൺസൂണിന് ശേഷം ഒക്ടോബറിൽ ആരംഭിക്കുന്ന ശൈത്യകാല സീസൺ ഫെബ്രുവരിയിൽ അവസാനിക്കുന്നതാണ് മൂന്നാറിലെ ശൈത്യകാല സീസൺ. ഡിസംബർ മാസത്തിൽ ഇവിടെ തണുപ്പ് അതിന്റെ ഉച്ചസ്ഥായിയിലെത്തും. എന്നാൽ 10 വർഷമായി ഇതല്ല മൂന്നാറിലെ കാലാവസ്ഥ. സാധാരണ, താപനില പൂജ്യത്തിൽ താഴെ എത്തിയിരുന്നത് ഡിസംബറിലായിരുന്നു. എന്നാൽ, ഈ വർഷം കുളിര് അതിന്റെ പാരമ്യത്തിലേക്ക് എത്തിയത് ഈ മാസമാണ്. കഴിഞ്ഞ ജനുവരി ഒന്ന് മുതൽ 13 വരെ തുടർച്ചയായി താപനില പൂജ്യത്തിനു താഴെയായിരുന്നു. ഇത്തവണ ജനുവരിയിൽ ഒരു ദിവസം മാത്രം പൂജ്യത്തിനു താഴെ താപനില രേഖപ്പെടുത്തി. എന്നാൽ, ഫെബ്രുവരി പകുതിയായതോടെ കൊടും കുളിരാണിപ്പോൾ. മഞ്ഞുവീഴ്ചയിൽ കൃഷികൾ കരിഞ്ഞുണങ്ങുന്നതിനൊപ്പം വരും സീസണിൽ കടുത്ത വരൾച്ചയ്ക്കും ഇതു കാരണമാകുമെന്ന ആശങ്കയിലാണ് ശീതകാല പച്ചക്കറിക്കർഷകർ.