k-surendran-

പാലക്കാട്: സംസ്ഥാനത്ത് മതതീവ്രവാദ ശക്തികളെ കയറൂരി വിടുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തിരഞ്ഞെടുപ്പ് അടുത്തതോടെ മത തീവ്രവാദശക്തികൾ വിധ്വംസന പ്രവർത്തനം ശക്തമാക്കുകയാണ്. വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇടത് വലത് മുന്നണികൾ അവരെ പിന്തുണയ്ക്കുകയാണെന്നും പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ കെ.സുരേന്ദ്രൻ പറഞ്ഞു.

പാലക്കാട് നഗരത്തിൽ മദ്രസ അദ്ധ്യാപിക ആറുവയസുള്ള കുഞ്ഞിനെ ബലികൊടുത്ത ലോകത്തെ നടുക്കിയ സംഭവം ഉണ്ടായിട്ടും രാഷ്ട്രീയ നേതാക്കൾ പ്രതികരിച്ചില്ല. ആ ക്രൂരതയ്ക്ക് പിന്നിൽ മതതീവ്രവാദികളാണെന്ന് പൊലീസിന് ബോധ്യമായിട്ടും അവരെ മാനസികരോഗിയാക്കി ചിത്രീകരിച്ച് പ്രശ്നത്തെ ലഘൂകരിക്കാനാണ് ശ്രമം. മതതീവ്രവാദികളുടെ സ്വാധീനത്തിന്റെ ഫലമായാണ് ഇത്രയും കിരാതമായ സംഭവം ഉണ്ടായത്. മാനവികതയ്‌ക്കെതിരായ വലിയ അതിക്രമം നടന്നിട്ടും പിണറായി പ്രതികരിച്ചില്ല.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് കുറ്റകരമായ മൗനമാണ്. കേരളത്തെ കാശ്മീരാകാൻ ശ്രമിക്കുന്നവരുമായി രണ്ട് മുന്നണികളും സഖ്യത്തിലാണ്. മത തീവ്രവാദികളുമായി സഖ്യം ചേർന്നാണോ വിശ്വാസികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ലൗ ജിഹാദ് വിഷയത്തിലോ ക്ഷേത്രങ്ങളുടെ ഭൂമി തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലോ ഇടതു മുന്നണിയോ ഐക്യമുന്നണിയോ അഭിപ്രായം പറയുന്നില്ല. ഒരു വിഭാഗത്തിന്റെ ഭൂമി മാത്രം സർക്കാർ ഏറ്റെടുക്കുകയാണ്. ഇതടക്കമുള്ള വിശ്വാസികളുടെ ന്യായമായ ആവശ്യം പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ഇരുമുന്നണികളും തയ്യാറുണ്ടോ എന്നും പത്രക്കുറിപ്പിൽ അദ്ദേഹം ചോദിക്കുന്നു.