
തിരുവനന്തപുരം : എൻ സി പിയിൽ എ കെ ശശീന്ദ്രൻ വിഭാഗവുമായി ഇടഞ്ഞ് നിൽക്കുന്ന മാണി സി കാപ്പനെ തള്ളിപറഞ്ഞ് സി പി എം. യു ഡി എഫിലേക്ക് കാപ്പൻ ചേക്കേറുമെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തിലാണ് സി പി എം മുതിർന്ന നേതാവും മന്ത്രിയുമായ എം എം മണി കാപ്പനെ തള്ളിപ്പറഞ്ഞത്. കാപ്പൻ മുന്നണിവിട്ട് പോയാൽ എൽ ഡി എഫിന് ഒന്നും സംഭവിക്കില്ലെന്നും പാലായിൽ കാപ്പൻ ജയിച്ചത് സി പി എമ്മിന്റെ സഹായത്തിലാണെന്നും മന്ത്രി തുറന്നടിച്ചു.
ജനങ്ങളുടെ പിന്തുണ ഇല്ലാത്ത നേതാവാണ് കാപ്പൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വളരെ കഷ്ടപ്പെട്ടാണ് അദ്ദേഹത്തെ പാലായിൽ സി പി എം വിജയിപ്പിച്ചത്. ഓരോ തവണ തോൽക്കുമ്പോഴും സിനിമാക്കാർക്ക് പിന്നാലെ പോവുകയാണ് കാപ്പൻ ചെയ്തതെന്നും മന്ത്രി എം എം മണി പരിഹസിച്ചു.
ഇടത് മുന്നണിയിലേക്ക് കേരള കോൺഗ്രസ് ജോസ് വിഭാഗം വന്നത് മുതലാണ് കാപ്പനും സി പി എമ്മും തമ്മിൽ ഇടയുന്നത്. പാല സീറ്റ് ജോസ് കെ മാണിക്ക് മത്സരിക്കാൻ വിട്ടുനൽകും എന്ന് ഉറപ്പായതോടെയാണ് യു ഡി എഫിലേക്ക് ചേക്കേറാൻ കാപ്പൻ ഒരുങ്ങുന്നത്. എന്നാൽ എൽ ഡി എഫിൽ തുടരാനാണ് എൻ സി പിയിലെ എ കെ ശശീന്ദ്രൻ വിഭാഗം തീരുമാനിച്ചിരിക്കുന്നത്. ഈ വിഷയത്തിൽ എൻ സി പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം ഇനിയും വന്നിട്ടില്ല. പാർട്ടിയിലെ ഇരു വിഭാഗവും ദേശീയ നേതൃത്വം തങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കും എന്ന ആത്മവിശ്വാസം പുലർത്തുകയാണ്. പ്രതിപക്ഷ നേതാവ് നടത്തുന്ന ഐശ്വര്യ കേരളയാത്ര കോട്ടയം ജില്ലയിൽ പ്രവേശിക്കുമ്പോൾ യാത്രയിൽ മാണി സി കാപ്പൻ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.