
ന്യൂഡൽഹി: രാജ്യസഭയിൽ പ്രതിപക്ഷത്തെ ഇനി നയിക്കുക കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. നിലവിലെ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിന്റെ കാലാവധി ഫെബ്രുവരി 15ന് പൂർത്തിയാകുന്നതോടെ വരുന്ന ഒഴിവിലേക്കാണ് മല്ലികാർജുൻ ഖാർഗെയുടെ പേര് നിർദ്ദേശിച്ച് കോൺഗ്രസ് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നൽകിയത്.
78 വയസുകാരനായ ഖാർഗെ കോൺഗ്രസിന്റെ ഉന്നതനിലയിലെത്തിയ മുതിർന്ന ദളിത് നേതാക്കളിൽ ഒരാളാണ്. ആദ്യ മോദി സർക്കാരിന്റെ കാലത്ത് ലോക്‌സഭയിലെ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. കർണാടകയിൽ നിയമസഭയിലേക്ക് ഒൻപത് തവണ മത്സരിച്ച ഖാർഗെ മുഴുവൻ തവണയും വിജയിച്ചു കയറി. യുപിഎ ഭരണകാലത്ത് കേന്ദ്ര റയിൽവെ, തൊഴിൽ വകുപ്പുകളുടെ ചുമതലയുളള മന്ത്രിയുമായിരുന്നു. കർണാടകയിലെ ഗുൽബർഗ മണ്ഡലത്തിൽ നിന്നും 2019ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ച അദ്ദേഹം ബിജെപിയിലെ ഉമേഷ് ജാദവിനോട് പരാജയപ്പെട്ടു. തുടർന്ന് രാജ്യസഭയിലേക്ക് 2020 ജൂണിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ ലോക്‌സഭയിൽ പ്രതിപക്ഷ കക്ഷികൾക്ക് ആർക്കും നിശ്ചിത എണ്ണം സീറ്റില്ലാത്തതിനാൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഇല്ല.
രാജ്യസഭയിൽ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പാകിസ്ഥാനിൽ പോകാത്ത ഇന്ത്യൻ മുസ്ളീം എന്നതിൽ അഭിമാനിക്കുന്നയാളാണ് താനെന്ന് ആസാദ് പറഞ്ഞു. പാകിസ്ഥാനിലെ സാഹചര്യങ്ങളെ കുറിച്ച് അറിയുമ്പോൾ ഇന്ത്യൻ മുസ്ളീം എന്ന നിലയിൽ തനിക്ക് അഭിമാനമുണ്ടെന്നും ആസാദ് അഭിപ്രായപ്പെട്ടു. സഭാംഗത്വം പൂർത്തിയാക്കിയ ആസാദിന് രാജ്യസഭയിൽ നൽകിയ വിടവാങ്ങൽ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹവുമായുളള ബന്ധത്തെ ഓർത്ത് വിതുമ്പിയത് വൻ വാർത്തയായിരുന്നു.