cave

കോഴിക്കോട്: രണ്ടായിരം വർഷം പഴക്കമുള്ള കല്ലുവെട്ടിയുണ്ടാക്കിയ ഒരു ഗുഹ. അതിൽ രണ്ടു മുറികൾ. കല്ലുവെട്ടി ഉണ്ടാക്കിയ രണ്ട് കട്ടിലുകൾ. കോഴിക്കോട് ജില്ലയിലെ ചെറൂപ്പ എന്ന സ്ഥലത്താണ് ഈ ഗുഹ. ചരിത്രത്തിന്റെ തെളിവായ് ആളുകളെ സ്വീകരിക്കുകയാണിവിടം.

ഏദേശം അൻപത് വർഷങ്ങൾക്ക് മുമ്പ് തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളുടെ മഴു എന്തിലോ തട്ടി താഴേക്ക് വീണു. അവിടെ ഒരു നിധി ഉണ്ടെന്ന് ആയി സംശയം. അധികം വൈകിയില്ല. പൊലീസുകാരും നാട്ടുകാരും അവിടെ എത്തി. ആ സ്ഥലം പൊലീസുകാരുടെ നിയന്ത്രണത്തിലായി. ഒരാഴ്‌ചയ്‌ക്കുശേഷം പുരാവസ്‌തു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുഴിച്ചു നോക്കിയപ്പോൾ കല്ലുകൊണ്ടുള്ള വാതിൽ അടക്കമുള്ള ഒരു ഗുഹ. ഒരു സമയം ഒരാൾക്ക് കുനിഞ്ഞു മാത്രം കയറാനാകുന്ന വാതിൽ. ഗുഹക്കുള്ളിലേക്ക് ആദ്യം ഇറങ്ങിയത് സ്ഥലത്തിന്റെ ഉടമസ്ഥനായ ഇമ്പിച്ചി കോയ തന്നെയായിരുന്നു. ഗുഹക്കുളിൽ നിവർന്ന് നിൽക്കാൻ ആവില്ല. ഒരു ചുമർ വേർത്തിരിക്കുന്ന രണ്ടു മുറികൾ. ചെങ്കല്ല് വെട്ടിയുണ്ടാക്കിയ രണ്ട് കട്ടിലുകൾ, മണ്ണുകൊണ്ടുണ്ടാക്കിയതും സ്വർണ്ണനിറം ഉള്ളതുമായ കുറെ പാത്രങ്ങൾ. കഴിഞ്ഞില്ല. ആ കട്ടിലിൽ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു.

പുരാവസ്തു ഗവേഷകർ പഠനം നടത്തി. പഠനത്തിൽ ഏദേശം രണ്ടായിരത്തോളം വർഷം പഴക്കമുണ്ട് ഈ ഗുഹയ്ക്ക് എന്ന് കണ്ടെത്തി. ഗുഹയിൽ നിന്നും നേരെ അല്പദൂരം ചെന്നാൽ മൂടപ്പെട്ട ഒരു കുളം കാണാം. മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്നും മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്ന അവർ നിർമ്മിച്ചതാകാം ഈ ഗുഹ എന്നും കരുതപ്പെടുന്നു.

ഇന്നിപ്പോൾ ഇമ്പിച്ചി കോയയിൽ നിന്നും മകൻ ഇമ്പിച്ചി മോയിലേക്കും കൊച്ചുമകനും കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ആയ റ്റി. മുഹമ്മദാലിയിലേക്ക് ഈ സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടു. മുഹമ്മദാലിയും കുടുംബവുമാണ് ഇത് നോക്കി നടത്തുന്നത്. ഉള്ളിൽ ഉണ്ടായിരുന്ന പാത്രങ്ങളും അസ്ഥികളും പുരാവസ്തു ഗവേഷകർ കൊണ്ടുപോയി. ഇത് നശിപ്പിക്കരുത് എന്ന് മാത്രം അവർ ആവശ്യപ്പെട്ടു. അറിഞ്ഞെത്തുന്ന നിരവധിപേരാണ് ഇവിടം സന്ദർശിക്കാൻ എത്തുന്നത്. 2000 വർഷം പഴക്കമുള്ള ഈ ഗുഹ അന്നത്തെ ജീവിതത്തിന്റെ മുഖമുദ്ര‌യാണ്.