explosion

ചെന്നൈ: തമിഴ്നാട്ടിൽ പടക്കുനിർമ്മാണശാലയിൽ നടന്ന സ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. വിരുദു നഗർ ജില്ലയിൽപെട്ട സാത്തൂരിന് സമീപമുള്ള അച്ചൻകുളം ഗ്രാമത്തിലെ ശ്രീ മാരിയമ്മൻ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് രണ്ടരയോടെ പൊട്ടിത്തെറി ഉണ്ടായത്. അപകടത്തിൽ സാരമായി പൊള്ളലേറ്റ പതിനാലുപേരെ ശിവകാശിയിലെയും വിരുതു നഗറിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പടക്ക നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ഒരു സ്ത്രീയും ആറു പുരുഷന്മാരുമാണ് മരിച്ചത്. സ്‌ഫോടനത്തിൽ നാലു ഷെഡുകൾ പൂർണമായി തകർന്നു. അപകടകാരണം വ്യക്തമല്ലെന്നും കൂടുതൽ ആളുകൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ പെട്ടിട്ടുണ്ടോയെന്നറിയാൻ തിരച്ചിൽ തുടരുന്നതായും സ്ഥലത്തെത്തിയ ജില്ലാ കലക്ടർ അറിയിച്ചു. 100ൽ അധികം ആളുകൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി ഉണ്ടായത്.