
ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ച് അസമും മേഘാലയയും. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ചു രൂപവീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ സർമ നിയമസഭയിൽ അറിയിച്ചു. അതേസമയം മേഘാലയയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ വീതം കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി കൊൺറാഡ് കെ സാങ്മ അറിയിച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് അസമിൽ അർദ്ധരാത്രിയോടെയും മേഘാലയയിൽ തിങ്കളാഴ്ച്ചയും നിലവിൽ വരും.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പെട്രോൾ വില കുറയ്ക്കാനുളള നിർണായക തീരുമാനവുമായി അസമിൽ സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാൾ രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മദ്യത്തിന്റെ നികുതിയിൽ അസം സർക്കാർ 25 ശതമാനം കുറവ് വരുത്തിയിരുന്നു. ഭരണത്തുടർച്ച ലഭിക്കുമെന്നാണ് സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ പ്രതീക്ഷ. പെട്രോൾ വില കുറച്ചിരിക്കുന്ന മേഘാലയയിലും ബിജെപിയുടെ പിന്തുണയുളള സർക്കാരാണ് ഭരണം നടത്തുന്നത്.
അതേസമയം കേരളത്തിൽ ആദ്യമായി പെട്രോൾ വില 90 കടന്നു. ഡീസലിന് ഇന്ന് 36 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂടിയത്. തിരുവനന്തപുരം പാറശാലയിൽ പെട്രോൾ വില 90 രൂപ 22 പൈസയാണ്. തിരുവനന്തപുരം നഗരത്തിൽ 90രൂപ രണ്ട് പൈസയാണ് പെട്രോൾ വില. ഡീസൽ 84 രൂപ 28 പൈസയും. കൊച്ചി നഗരത്തിൽ പെട്രോൾ വില 88 രൂപ 39 പൈസയും ഡീസൽ വില 82രൂപ 26 പൈസയുമായി. കോഴിക്കോട് 88 രൂപ 60 പൈസയും ഡീസൽ 82 രൂപ 97 പൈസയുമാണ് വില. ഈ മാസം അഞ്ചു തവണയാണ് വിലകൂട്ടിയത്. എട്ടു മാസത്തിനിടെ 16 രൂപയിലേറെയാണ് ഇന്ധന വില കൂടിയത്. സംസ്ഥാനത്ത് നാലുദിവസം കൊണ്ട് പെട്രോളിന് 1.33 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഡീസലിന് 1.19 വർദ്ധനവാണ് ഉണ്ടായത്.
കൊവിഡ് വാക്‌സിൻ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നമെന്ന പ്രതീക്ഷയിൽ രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 60 ഡോളറിന് മുകളിൽ തുടരുകയാണ്. 83 ദിവസത്തെ ഇടവവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂൺ ആറ് മുതലാണ് എണ്ണക്കമ്പനികൾ ഇന്ത്യയിൽ വില വർധിപ്പിച്ചു തുടങ്ങിയത്. ജൂൺ ഇരുപത്തിയഞ്ചിനുതന്നെ പെട്രോൾ വില 80 രൂപ കടന്നിരുന്നു.