
വാഷിംഗ്ടൺ: അമേരിക്കൻ സംസ്ഥാനമായ ടെക്സാസിൽ അന്തർ സംസ്ഥാന പാതയിൽ 133 വാഹനങ്ങൾ കൂട്ടിയിടിച്ച് ആറുമരണം. 65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്നുപേർ അത്യാസന്ന നിലയിലാണ്. ടെക്സാസ് -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ് അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ് അപകടകാരണം. കാറുകളും ട്രക്കുകളുമാണ് തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം.
ജോലിക്ക് പുറപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടവരിൽ അധികവും. ഹൈഡ്രോളിക് റെസ്ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ സ്ഥലത്ത് ഗതാഗത തടസം രൂക്ഷമായിരുന്നു. അപകടത്തെ തുടർന്ന് ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിറുത്തിവച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നിരവധി വാഹനാപകടങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ അമേരിക്കയിൽ നടന്നത്. ടെന്നിസിയിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട് ചെയ്തു.