
ബീജിംഗ്: ലോകപ്രശസ്ത അന്താരാഷ്ട്ര വാർത്ത ചാനലായ ബി.ബി.സി വേൾഡിന് ചൈനയിൽ വിലക്ക് ഏർപ്പെടുത്തി ചൈനീസ് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ്. ഉയിഗൂർ മുസ്ലിംകളെ സംബന്ധിച്ച് വിവാദമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്തതിലൂടെ രാജ്യത്തെ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ബ്രിട്ടീഷ് നിയമം ലംഘിച്ചതിന് ചൈനീസ് ബ്രോഡ്കാസ്റ്ററായ സി.ജി.ടി.എൻ നെറ്റ്വർക്കിന്റെ ലൈസൻസ് ബ്രിട്ടീഷ് റെഗുലേറ്റർ അസാധുവാക്കിയതിന് പിന്നാലെയാണിത്.അമേരിക്ക ചാരപ്രവർത്തനം ആരോപിച്ചതിന് പിന്നാലെ ചൈനീസ് ടെലികോം ഗ്രൂപ്പായ വാവെയ്യുടെ ഫൈവ് ജി നെറ്റ്വർക്ക് സ്ഥാപിക്കുന്നത് ബ്രിട്ടൻ തടഞ്ഞിരുന്നു.ചൈനയിലെ സംപ്രേക്ഷണ മാർഗനിർദ്ദേശങ്ങളിൽ ബി.ബി.സി ഗുരുതര ലംഘനം നടത്തിയതായി നാഷണൽ റേഡിയോ ആൻഡ് ടെലിവിഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വാർത്തകൾ സത്യസന്ധവും നീതിയുക്തവും ചൈനയുടെ ദേശീയ താൽപര്യങ്ങൾക്ക് ദോഷം വരാത്തതും ആകണമെന്നും എൻ.ആർ.ടി.എ പറയുന്നു. ചൈനയിൽ ബി.ബി.സിയ്ക്ക് പ്രക്ഷേപണം തുടരാൻ അനുവാദമില്ലെന്നും പ്രക്ഷേപണത്തിനുള്ള പുതിയ വാർഷിക അപേക്ഷ സ്വീകരിക്കില്ലെന്നും ചൈനീസ് അധികൃതർ വ്യക്തമാക്കി.
ചൈനയുടെ നടപടി നിരാശാജനകമാണ്.
ബി.ബി.സി
ജനങ്ങൾക്ക് മാദ്ധ്യമ, ഇന്റർനെറ്റ് സൗകര്യങ്ങൾ പൂർണമായും ലഭ്യമാക്കാതെ തടഞ്ഞുവയ്ക്കുന്നത് ശരിയല്ല
യു.എസ് വക്താവ്