dinesh-trivedi

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്‌ക്കും തൃണമൂൽ കോൺഗ്രസിനും വീണ്ടും തിരിച്ചടി. പാർട്ടിയുടെ രാജ്യസഭാംഗവും യുപിഎ സർക്കാരിന്റെ കാലത്ത് കേന്ദ്ര റെയിൽവേ മന്ത്രിയുമായിരുന്ന ദിനേഷ് ത്രിവേദി സ്ഥാനം രാജിവച്ചു. രാജ്യസഭയിലെ പ്രസംഗത്തിൽ നാടകീയമായാണ് ത്രിവേദി എം.പി സ്ഥാനം രാജിവയ്‌ക്കുന്നതായി അറിയിച്ചത്.

ജന്മനാടായ പശ്ചിമബംഗാളിൽ അക്രമ സംഭവങ്ങൾ തുടരുന്നതും അതിനെക്കുറിച്ച് സഭയിലൊന്നും പറയാനോ അതിന് പരിഹാരം കാണാനോ കഴിയാത്തതിന്റെയും വിഷമത്തിൽ തന്റെ മനസാക്ഷി പറഞ്ഞതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്ന് ത്രിവേദി അറിയിച്ചു. രാജ്യസഭയിലേക്ക് തന്നെ അയച്ച പാർട്ടിയോട് നന്ദിയുണ്ടെന്നും ത്രിവേദി പറഞ്ഞു. ഇനി തന്റെ നാട്ടിലെ ജനങ്ങളെ സ്വതന്ത്രമായി സേവിക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മമത ബാനർജിയുടെ വിശ്വസ്‌തരായ സഹപ്രവർത്തകനായിരുന്ന ദിനേഷ് ത്രിവേദി കഴിഞ്ഞ കുറച്ചു നാളായി അകൽച്ചയിലായിരുന്നു. ഇതിനിടെ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം കഴിഞ്ഞ ദിവസം ട്വീ‌റ്റ് ചെയ്യുകയുമുണ്ടായി. രാജ്യസഭാംഗത്വം രാജിവച്ച അദ്ദേഹം ബിജെപിയിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ദിനേഷ് ത്രിവേദി രാജ്യസഭാംഗമായത്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമോ എന്നത് വ്യക്തമല്ല.