
വാഷിംഗ്ടൺ: അമേരിക്കൻ യുവാക്കളുടെ പ്രിയ ടിക് ടോക് താരം ദസ്ഹരിയ ക്വിന്റ് നോയെസ് ആത്മഹത്യ ചെയ്തു. വിവിധ സമൂഹമാദ്ധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആരാധകരുണ്ടായിരുന്ന 18കാരിയായ നോയെസ് കടുത്ത മാനസിക സമ്മർദ്ദം കാരണമാണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്. മരണത്തിന് ഏതാനും മണിക്കൂറുകൾ മുൻപ്, നോയെസ് ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഞാൻ എല്ലാവരെയും അലോസരപ്പെടുത്തുന്നുവെന്ന് അറിയാം, ഇതാണ് എന്റെ അവസാന പോസ്റ്റ് - എന്ന ക്യാപ്ഷനാണ് നോയെസ് വീഡിയോയ്ക്ക് നൽകിയത്. ടിക് ടോക്കിൽ മാത്രം നോയെസിന് പത്ത് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്നു.
കൗമാരക്കാരുടെ മാനസികാരോഗ്യത്തിന് ഭീഷണിയായി സമൂഹമാദ്ധ്യമങ്ങൾ
മുഴുവൻ സമയവും സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് കൗമാരക്കാരുടെ മാനസികാരോഗ്യത്തെ തകർക്കുന്നുവെന്ന് എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ടും ദി പ്രിൻസ് ട്രസ്റ്റും നടത്തിയ ഗവേഷണത്തിൽ പറയുന്നു. ഇംഗ്ലണ്ടിലെ 5,000 ചെറുപ്പക്കാരുടെ ഡേറ്റയാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. പെൺകുട്ടികളുടെ മാനസികാരോഗ്യത്തെയാണ് സമൂഹമാദ്ധ്യമങ്ങൾ കാര്യമായി ബാധിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇതിനെല്ലാം പ്രധാന കാരണങ്ങളിലൊന്ന് വ്യായാമത്തിന്റെ അഭാവമാണ്. കൊവിഡ് മൂലം കുട്ടികൾ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ഇത്തരം മാനസിക പ്രശ്നങ്ങൾ രൂക്ഷമായെന്നും പഠനത്തിൽ പറയുന്നു. കനത്ത സമൂഹമാദ്ധ്യമ ഉപയോഗം മാനസിക നിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്ന കൂടുതൽ പെൺകുട്ടികളും വിഷാദരോഗവും നിരാശയും അനുഭവിക്കുന്നവരാണ്. കുടുംബ വരുമാനം, വ്യായാമം, മാതൃ ആരോഗ്യം എന്നിവയും കൗമാരക്കാരുടെ മാനസിക നിലയ്ക്ക് കാരണമായതായി പഠനം കണ്ടെത്തി. പതിവ് വ്യായാമം ആൺകുട്ടികളെയും പെൺകുട്ടികളെയും നല്ല രീതിയിൽ സ്വാധീനിച്ചുവെങ്കിലും സ്കൂൾ അടച്ചുപൂട്ടിയതോടെ കായിക ഇനങ്ങളിലും മറ്റുമുള്ള പങ്കാളിത്തം ഗണ്യമായി കുറഞ്ഞു, ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോർട്ടിലുണ്ട്.