india-china

ന്യൂഡൽഹി : കൊവിഡ് മഹാമാരി പടർന്ന് പന്തലിക്കുന്നതിനിടയിലാണ് ലഡാക്കിൽ ചൈനയുടെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടാവുന്നത്. കഴിഞ്ഞ വർഷം മേയിൽ ആരംഭിച്ച പ്രകോപനം പക്ഷേ ലോകം ശ്രദ്ധിക്കുന്നത് ജൂൺമാസത്തിൽ ഗൽവാൻ താഴ്‌വരയിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് വീരമൃത്യു സംഭവിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ്. രാത്രിയുടെ മറവിൽ ഇന്ത്യൻ പ്രദേശത്തേയ്ക്ക് വന്ന ചൈനീസ് ഭടൻമാരെ തടയുന്നതിനിടയിലാണ് ഇന്ത്യൻ ഭടൻമാർക്ക് വീരമൃത്യു സംഭവിച്ചത്. എന്നാൽ ചൈനീസ് പക്ഷത്തെയും നിരവധി സൈനികർക്ക് മരണം സംഭവിച്ചുവെങ്കിലും കൃത്യമായ കണക്ക് ആദ്യ സമയത്ത് ലഭിച്ചിരുന്നില്ല. ഒടുവിൽ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം 45 ചൈനീസ് ഭടൻമാർ സംഘർഷത്തിൽ മരണപ്പെട്ടുവെന്നാണ്. ഗൽവാൻ സംഭവത്തോടെ ഇന്ത്യ വിട്ടു വീഴ്ച ഇല്ലാത്ത നടപടികളിലേക്ക് നീങ്ങുകയും. ചൈനീസ് പ്രകോപനം തടയുന്നതിനായി കൂടുതൽ സൈനികരെ ലഡാക്കിലേക്ക് അയക്കുകയും ചെയ്തു. ചൈനയുടെ ഭാഗത്ത് നിന്നും സൈനികരുടെ എണ്ണം കൂട്ടിയുള്ള പ്രതിരോധം തീർത്തപ്പോൾ അനേകായിരം അടി ഉയരമുള്ള യുദ്ധ ഭൂമിയിലേക്ക് ടൺകണക്കിന് ഭാരമുള്ള ടാങ്കുകളും പീരങ്കികളും നിരത്തി ഇന്ത്യ പ്രതിരോധ കവചം തീർക്കുകയായിരുന്നു. തണുത്തുറഞ്ഞ മഞ്ഞിൽ രാജ്യത്തെ സേവിക്കുന്ന സൈനികർക്ക് പ്രചോദനവുമായി ഇന്ത്യൻ പ്രധാനമന്ത്രി നേരിട്ട് പറന്നിറങ്ങി, പ്രതിരോധ മന്ത്രിയും സേനാ തലവൻമാരും പലകുറി ലഡാക്കിലെത്തി അതിർത്തിയിൽ സൈനികരോട് സംവദിച്ചു.

യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുമ്പോഴും ഇന്ത്യയും ചൈനയും സൈനിക നയതന്ത്ര തലത്തിലുള്ള ചർച്ചകളുമായി മുന്നോട്ട് പോയി. ലഡാക്കിലെ ഭീകരമായ ശൈത്യകാലത്തിന് മുൻപായി സമാധാനത്തിനായി ഇന്ത്യ മുന്നിട്ട് ഇറങ്ങും എന്ന കണക്ക് കൂട്ടലിലായിരുന്നു ചൈന. എന്നാൽ ട്രംപുമായി ഉറ്റ ചങ്ങാത്തത്തിലായ ഇന്ത്യ അമേരിക്കയിൽ നിന്നും സൈനികർക്ക് കടുത്ത തണുപ്പിനെ പ്രതിരോധിക്കാനുള്ള ലക്ഷക്കണക്കിന് വസ്ത്രങ്ങൾ നൊടിയിട കൊണ്ട് ഇറക്കുമതി ചെയ്ത് ചൈനയെ ഞെട്ടിച്ചു. കൊടും തണുപ്പിൽ ചൈനീസ് ഭടൻമാർ വിറച്ചപ്പോൾ ലഡാക്കിൽ ആധുനിക യുദ്ധസാമഗ്രികൾ ഇറക്കി ഇന്ത്യ ആ രാഷ്ട്രത്തെ ഞെട്ടിച്ചു. ഫ്രാൻസിൽ നിന്നും റഫാലുകൾ കൂടി എത്തിയതോടെ പാകിസ്ഥാനല്ല ഇനി ഇന്ത്യയ്ക്ക് എതിരാളികൾ ചൈന മാത്രമാണെന്ന് മുദ്ര കുത്തി. നയതന്ത്ര ഇടപെടലുകളും ചൈനയെ തളർത്തി.

ഏഷ്യയിൽ ചൈനയെ നേരിടാൻ ഇന്ത്യമാത്രമേ ഉള്ളു എന്ന സന്ദേശം മറ്റു രാഷ്ട്രങ്ങൾക്കും പ്രോത്സാഹനമായി. ഇന്ത്യയ്‌ക്കൊപ്പം ചൈനയുമായി അതിർത്തി തർക്കമുള്ള രാഷ്ട്രങ്ങൾ സൗഹൃദം സ്ഥാപിക്കുന്നതിനുള്ള ഒരു കാരണം കൂടിയായി ലഡാക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്. കാത്തിരുന്ന് കളിക്കുക എന്ന നയതന്ത്ര വിദ്യ ലഡാക്കിൽ സ്വീകരിച്ചതോടെ ചൈന പരാജയം മണക്കുകയായിരുന്നു. മേഖലയിലെ സൈനിക മേധാവിയെ മാറ്റി ചൈന പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചതോടെ വിദേശ മാദ്ധ്യമങ്ങളിലടക്കം ചൈനയുടെ പാളിപ്പോയ ഒരു ഓപ്പറേഷനായിരുന്നു ലഡാക്കെന്ന തരത്തിൽ വാർത്തകൾ വന്നു.

ലഡാക്കിലെ പ്രതിരോധക്കോട്ടയിൽ ചൈനയ്ക്ക് നഷ്ടങ്ങൾ ഏറെയാണ്. ഒരു രാജ്യത്തെ ഇന്നത്തെക്കാലത്ത് എങ്ങനെയാണ് ഒരു വെടിപോലും പൊട്ടിക്കാതെ എതിരിടേണ്ടതെന്ന് ഇന്ത്യ തെളിയിച്ചു. ടിക് ടോക് അടക്കമുള്ള ആപ്പുകൾ രാജ്യത്ത് നിരോധിച്ചതും, ചൈനീസ് മൊബൈൽ കമ്യൂണിക്കേഷൻ ഭീമൻമാരെ ഒരു കൈ അകലെ നിർത്തിയതുമെല്ലാം മറ്റു രാഷ്ട്രങ്ങളും പ്രയോഗിച്ച് തുടങ്ങിയതോടെ ചൈന വിയർക്കുകയായിരുന്നു. ഒടുവിൽ അമേരിക്കയിൽ ബൈഡൻ അധികാരത്തിൽ വന്നതോടെ ഇന്ത്യയുമായി അമേരിക്കയുടെ ബന്ധം ട്രംപിന്റെ കാലത്തുള്ളതു പോലെ ഫലവത്താവില്ലെന്നാണ് ചൈന കരുതിയത്. എന്നാൽ ബൈഡൻ അധികാരമേറ്റ് ഒരു മാസം തികയും മുൻപേ ചൈന കണ്ട സ്വപ്നങ്ങൾ ഫലിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. പ്രസിഡന്റ് മാറിയാലും അമേരിക്കയുടെ വിദേശനയങ്ങളിൽ കാര്യമായ മാറ്റങ്ങളുണ്ടാവില്ലെന്ന് ബൈഡൻ ഭരണകൂടത്തിൽ നിന്നും വരുന്ന പ്രസ്താവനകൾ സൂചിപ്പിക്കുന്നു.

തർക്കങ്ങൾ പരിഹരിക്കുവാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ലഡാക്കിൽ സംഘർഷം ഉണ്ടായതിന് മുൻപുള്ള അവസ്ഥയിലേക്ക് ഇരു രാജ്യങ്ങളും സൈനികരെ പിൻവലിച്ചെത്തും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായിട്ടാണ് ടാങ്കുകൾ പിൻവിലിക്കുന്നത്. കൊവിഡിൽ ചൈനയ്ക്ക് ലോകത്തിന് മുന്നിൽ ഏറ്റ തിരിച്ചടിയിൽ നിന്നും ശ്രദ്ധ തിരിക്കുവാനാണ് ലഡാക്കിൽ സൈനികരെ ഉപയോഗിച്ച് സംഘർഷം സൃഷ്ടിച്ചതെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ലഡാക്കിൽ നിന്നും പിന്തിരിയുമ്പോൾ വിചാരിച്ചതൊന്നും നടത്താനാവാതെ ചൈനീസ് വ്യാളി മുടന്തി നടക്കുന്ന കാഴ്ചയാണ് ലോകത്തിന് കാണാനാവുന്നത്.