
മോസ്കോ: റഷ്യൻ നഗരമായ ഷെർഷിൻസ്കിൽ കൗതുകം പരത്തി നീല തെരുവ് നായ്ക്കൾ. നിഷ്നി നോവ്ഗോരോഡ് പ്രദേശത്താണ് നീല നിറത്തിലുള്ള തെരുവ് നായ്ക്കളെ കണ്ടെത്തിയത്. കോപ്പർ സൾഫേറ്റ് അടങ്ങിയ രാസമാലിന്യം മൂലമാണ് നായ്ക്കൾക്ക് നീല നിറം വന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഷെർഷിൻസ്കിൽ മുൻപ് വലിയൊരു രാസ ഉൽപ്പാദന ഫാക്ടറി പ്രവർത്തിച്ചിരുന്നു. ആറുവർഷം മുമ്പ് പ്ലാന്റ് അടച്ചുപൂട്ടി. ഫാക്ടറിയിൽ ഉണ്ടായിരുന്ന കോപ്പർ മാലിന്യമാകാം നായ്ക്കളുടെ നീലനിറത്തിന് കാരണമെന്ന് പ്ലാന്റിന്റെ മാനേജർ ആൻഡ്രി മിസ്ലിവെറ്റ്സ് പറഞ്ഞു. നായ്ക്കൾ അതുവഴി അലഞ്ഞുനടക്കുന്നത് പതിവാണ്. ആ സമയത്ത് അവർ കോപ്പർ സൾഫേറ്റ് അടങ്ങിയ മാലിന്യത്തിൽ തെരച്ചിൽ നടത്തിയിരിക്കാം. കുറച്ച് വർഷങ്ങൾക്ക് മുമ്പും നായ്ക്കളെ മറ്റു നിറങ്ങളിൽ കണ്ടതായി കേട്ടിരുന്നു. നായ്ക്കളെ അവിടെ നിയന്ത്രിക്കാൻ ആരുമില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഷെർഷിൻസ്ക് നഗര അധികൃതർ നായ്ക്കളെ പിടികൂടി മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാൻ ഒരുങ്ങുകയാണ്. 2017ൽ നവി മുംബയ് തലോജ വ്യവസായ മേഖലയിൽ നായ്ക്കളെ നീല നിറത്തിൽ കണ്ടെത്തിയിരുന്നു.