padmanabha-swamy-temple

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കാരണം സുരക്ഷയ‌്ക്കായി വിനിയോഗിച്ച 11.7കോടി രൂപ സംസ്ഥാനസർക്കാരിന് തിരികെ നൽകാൻ കഴിയില്ലെന്ന് പദ്‌മനാഭസ്വാമി ക്ഷേത്രംഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് മൂലമുണ്ടായ പ്രതിസന്ധി ഏറ്റവുമധികം ബാധിച്ചത് ക്ഷേത്രത്തിന്റെ വരുമാനത്തെയാണെന്നും, അതുകൊണ്ട് പണം നൽകുന്നതിന് കൂടുതൽ സമയം അനുവദിക്കണമെന്നും ക്ഷേത്രംഭരണസമിതി കോടതിയോട് ആവശ്യപ്പെട്ടു.

പ്രസ്‌തുത ആവശ്യം ഉത്തരവായി ഇറക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നും അറിയിച്ചു. മാത്രമല്ല, ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള നിലവിലെ ഉത്തരവുകളെല്ലാം തുടരേണ്ടതാണെന്നും കോടതി പറഞ്ഞു. ക്ഷേത്രത്തിന്റെ ഓഡിറ്റ് വിവരങ്ങൾ സെപ്‌തംബറിൽ പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

കൊവിഡിനെ തുടർന്ന് ഏറെ നാൾ പൊതുജനങ്ങൾക്ക് പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നിറുത്തിവച്ചിരുന്നു. തുടർന്ന് ആഗസ്‌റ്റ് 26ന് ആണ് ദർശനം പുനരാരംഭിച്ചത്. പിന്നീട് ജീവനക്കാർക്ക് കൊവിഡ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് ഒക്‌ടോബറിൽ വീണ്ടും ക്ഷേത്രം അടച്ചിടേണ്ടി വന്നു.