rawiri

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് എം.പി റാവിറി വൈറ്റിറ്റിയ്ക്ക് ഇനി ടൈ കെട്ടാതെ പാർലമെന്റിലേക്ക് സധൈര്യം പ്രവേശിക്കാം. കോട്ടിനും സ്യൂട്ടിനുമൊപ്പം ടൈ ഒരു ‘കൊളോണിയൽ തൂക്കുകയറാ’ണെന്നാണ് വാദിച്ചാണ് റാവിറി ടൈ കെട്ടാൻ വിസമ്മതിച്ചത്. ടൈ കെട്ടാതെ വന്നതിന് സ്പീക്കർ ട്രെവർ മലാഡ് റാവിറിയെ സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ, ചർച്ചകൾക്ക് ശേഷം നിലപാട് പുതുക്കിയ ന്യൂസിലൻഡ് പാർലമെന്റ്, അംഗങ്ങളുടെ ഡ്രസ് കോഡിൽനിന്ന് ടൈയെ നാടുകടത്തി. പ്രശ്നം ടൈ അല്ലെന്നും സാംസ്കാരികവ്യക്തിത്വം ആണെന്നുമാണ് ചൊവ്വാഴ്ച സഭയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ മവൊരി ഗോത്രവംശജനായ റാവിറി പ്രതികരിച്ചത്.ടൈയ്ക്കു പകരം ‘ഹൈറ്റിക്കി’ എന്നറിയപ്പെടുന്ന പരമ്പരാഗത പച്ചക്കൽപതക്കം കഴുത്തിലണിഞ്ഞാണ് വൈറ്റിറ്റി സഭയിൽ വരുന്നത്. മവൊരി ഗോത്രക്കാ‍ർക്കു സ്വന്തം സാംസ്കാരികത്തനിമ കാത്തുസൂക്ഷിക്കേണ്ടത് അവകാശമാണമെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങളുണ്ടെങ്കിലും ന്യൂസീലൻഡിൽ വ്യവസ്ഥാപിത വംശീയത ശേഷിക്കുന്നുണ്ടെന്നും അത് കൊളോണിയൽ പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നുമുള്ള അഭിപ്രായമാണ് വൈറ്റിറ്റിക്ക്.അതേസമയം, ടൈ ഒഴിവാക്കിയതോടെ മറ്റ് എം.പിമാരും ടൈ കെട്ടാതെ സഭയിൽ വരാൻ തുടങ്ങിയിട്ടുണ്ട്. ടൈയൊന്നുമല്ല, അതിലും പ്രധാനപ്പെട്ട പ്രശ്നങ്ങൾ രാജ്യത്തുണ്ടെന്നാണ് പ്രധാനമന്ത്രി ജസിന്ത ആർഡേനിന്റെ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് ശേഷം രൂപീകരിച്ച മന്ത്രിസഭ ലിംഗ, സാംസ്കാരിക വൈവിദ്ധ്യത്തിന്റെ പേരിൽ ലോകശ്രദ്ധയാകർഷിച്ചിരുന്നു. ആകെയുള്ള 121 സീറ്റിൽ മവൊരി അംഗങ്ങൾക്ക് 21% പ്രാതിനിദ്ധ്യമുണ്ട്.