
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിലെ ശിവകാശിക്ക് സമീപം പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 15 തൊഴിലാളികൾ മരിച്ചു. 36 ഓളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിരുദുനഗർ, ശിവകാശി സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. ഇത് മരണസംഖ്യ വർദ്ധിപ്പിച്ചേക്കാമെന്നാണ് വിവരം.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ സാത്തൂരിലെ അച്ചൻഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്കനിർമ്മാണ ശാലയിലാണ് അപകടമുണ്ടായത്. നൂറിലധികം തൊഴിലാളികൾ ഇവിടെ ജോലിചെയ്യുന്നു.
ഒന്നിലധികം സ്ഫോടനങ്ങളുണ്ടായെന്നും സ്ഫോടന ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേട്ടെന്നും പ്രദേശവാസികൾ പറഞ്ഞു.
പടക്കങ്ങൾ നിർമിക്കാനുള്ള രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനിടയിൽ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സ്‌ഫോടനത്തിൽ 10ഓളം ഷെഡുകൾ പൂർണമായി തകർന്നു. സാത്തൂരിൽ നിന്നും ശിവകാശിയിൽ നിന്നുമുള്ള ഫയർ എൻജിനുകളെത്തി രണ്ടു മണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കൂടുതൽ ആളുകൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ പെട്ടിട്ടുണ്ടോയെന്നറിയാൻ തെരച്ചിൽ തുടരുന്നതായും സ്ഥലത്തെത്തിയ ജില്ലാ കളക്ടർ ആർ. കണ്ണൻ പറഞ്ഞു.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മൂന്നുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
സംഭവത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ വേണ്ട സഹായം ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.