
യാങ്കോൺ: ഒരാഴ്ച പിന്നിട്ടിട്ടും മ്യാന്മമറിൽ പട്ടാള അട്ടിമറിയ്ക്കെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം ശക്തമായി തന്നെ തുടരുന്നു. യാങ്കോണിലും മാൻഡലേയിലും മാത്രം ജനലക്ഷങ്ങളാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങൾ നിസ്സഹരണ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.സമരത്തിന്റെ ഭാഗമായി സർക്കാർ ജോലിക്കാർ ഓഫീസുകളിൽ ഹാജരാകുന്നില്ല. ജോലിയ്ക്ക് ഹാജരാകാൻ സൈനിക മേധാവികൾ കർശന നിർദ്ദേശം നൽകിയിട്ടും ജനങ്ങൾ അത് അനുസരിക്കാൻ തയ്യാറായില്ല. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ ഒന്നായി പട്ടാള ഭരണത്തിനെതിരെ പൊരുതുകയാണ്.
പ്രതിഷേധക്കാരുടെ മുഖ്യ ആവശ്യം ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും നാഷണൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടി നേതാവായ ആംഗ് സാൻ സൂ ചിയെ മോചിപ്പിക്കണമെന്നുമാണ്. ജനാധിപത്യം പുനഃസ്ഥാപിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ജനങ്ങൾ. കഴിഞ്ഞ 14 ദിവസമായി സൂ ചിയെ പൊതുജനങ്ങളാരും തന്നെ കണ്ടിട്ടില്ല. നിരവധി എൻ.എൽ.ഡി നേതാക്കളേയും പട്ടാള മേധാവികൾ തടവിലാക്കിയിരുന്നു.
കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ തട്ടിപ്പ് നടന്നെന്നാണ് പട്ടാള മേധാവികളുടെ പ്രധാന ആരോപണം. എന്നാൽ, ഇത് അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള ലോകരാജ്യങ്ങൾ മ്യാന്മറിലെ പട്ടാള അട്ടിമറിയെ ശക്തമായി അപലപിച്ചിട്ടുണ്ട്. അട്ടിമറിക്കു നേതൃത്വം നൽകിയ ജനറൽമാർക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവച്ചു. ഇവരുടെ കുടുംബത്തിന്റെയും വ്യാപാര ഇടപാടുകൾക്ക് ഉപരോധം ബാധകമായിരിക്കും. ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാവുമെന്നും ബൈഡൻ അറിയിച്ചു. മ്യാന്മറിലെ പട്ടാള അട്ടിമറി ഒരിക്കലും അംഗീകരിക്കില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബും പ്രതികരിച്ചു.