
ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്ര് ഇന്ന് മുതൽ
ചെന്നൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാല് മത്സരങ്ങൾ ഉൾപ്പെട്ട ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് തുടങ്ങും. ആദ്യ ടെസ്റ്റിന്റെ വേദിയായ ചെപ്പോക്കിൽത്തന്നെയാണ് രാവിലെ 9.30 മുതൽ രണ്ടാം മത്സരവും നടക്കുന്നത്. ആദ്യ മത്സരത്തിൽ 227 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇംഗ്ലണ്ട് പരമ്പര വിജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പ്രവേശന പ്രതീക്ഷയും സജീവമാക്കിയിരിക്കുകയാണ്. മറുവശത്ത് ആസ്ട്രേലിയയിൽ ഐതിഹാസിക ജയം നേടിയ ശേഷം സ്വന്തം നാട്ടിൽ കളിക്കാനിറങ്ങിയ ആദ്യ ടെസ്റ്റിൽ അപ്രതീക്ഷിത പരാജയം ഏറ്റവു വാങ്ങേണ്ടി വന്ന ഇന്ത്യ വിജയത്തോടെ വലിയൊരു തിരിച്ചുവരവാണ് ലക്ഷ്യം വയ്ക്കുന്നത്.
ഒന്നാം ടെസ്റ്റിൽ നായകൻ ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടേയും ആൻഡേഴ്സൺ നയിക്കുന്ന ബൗളിംഗ് നിരയുടേയും പിൻബലത്തിലാണ് ഇംഗ്ലണ്ട് ഗംഭീര ജയം നേടിയത്. മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിൽ അമ്പത് ശതമാനത്തോളം കാണികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. കൊവിഡ് പിടിമുറക്കിയ ശേഷം ആദ്യമായാണ്
പകരം വീട്ടാൻ
പരമ്പര വിജയവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ഥാനവും സ്വന്തമാക്കാൻ ടീം ഇന്ത്യയ്ക്ക് വിജയം അത്യാവശ്യമാണ്. ഒന്നാം ടോസ് നഷ്ടപ്പെട്ടപ്പോൾ മുതൽ തുടങ്ങിയ കഷ്ടകാലം രണ്ടാം ടെസ്റ്റിൽ മാറ്റാനാകുമെന്നാണ് കൊഹ്ലിപ്പടയുടെ പ്രതീക്ഷ. ബാറ്റിംഗിൽ മുൻ നിര അവസരത്തിനൊത്ത് ഉയരാതിരുന്നതായിരുന്നു ഇന്ത്യയുടെ പരാജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്ന സീനിയർ താരം രോഹിത് ശർമ്മയേയും വൈസ് ക്യാപ്ടൻ അജിങ്ക്യ രഹാനെയേയും ഒഴിവാക്കാൻ സാധ്യതയില്ല.
ഇരുവരും താളം കണ്ടെത്തിയാൽ ഇന്ത്യയുടെ പകുതി പ്രശ്നങ്ങൾ തീരും. മെൽബണിലെ ചരിത്ര സെഞ്ച്വറിക്ക് ശേഷം കളിച്ച അഞ്ച് ഇന്നിംഗ്സുകളിൽ 22,24, 37,0,1 എന്നിങ്ങനെയാണ് രഹാനെയുടെ ബാറ്റിംഗ് റെക്കാഡ്. അതേസമയം ആദ്യ മത്സരത്തിൽ പരിക്ക് മൂലം കളിക്കാതിരുന്ന അക്സർ പട്ടേൽ രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തുമെന്ന് തന്നെയാണ് റിപ്പോർട്ട്. ആദ്യ ടെസ്റ്റിൽ കളിച്ച ഷഹബാസ് നദീമിന് പകരക്കാരനായിട്ടായിരിക്കും അക്സർ എത്തുക.
അതേസമയം വിക്കറ്റ് ടേക്കിംഗ് ബൗളറായ കുൽദീപിനെ കഴിഞ്ഞ മത്സരത്തിൽ പുറത്തിരുത്തിയതിന് ഇന്ത്യൻ മാനേജ്മെന്റ് ഏറെ പഴികേട്ടിരുന്നു. കുൽദീപിന് ഈ ടെസ്റ്രിൽ അവസരം കൊടുത്താൽ വാഷിംഗ്ടൺ സുന്ദർ പുറത്തിരിക്കേണ്ടി വന്നേക്കും. ബാറ്റു കൊണ്ടും തിളങ്ങുന്ന വാഷിക്ക് പകരം അക്സറെ ഡ്രോപ്പ് ചെയ്യാനും സാധ്യതയുണ്ട്. സാധ്യതാ ടീം: രോഹിത്, ഗിൽ, പുജാര, കൊഹ്ലി, രഹാന, പന്ത്, അശ്വിൻ,അക്സർ, കുൽദീപ്/വാഷിംഗ്ടൺ സുന്ദർ, ഇഷാന്ത്, ബുംറ.
വിജയം തുടരാൻ
ആത്മവിശ്വാസത്തിന്റെ പരകോടിയിൽ ആയിരിക്കുന്ന ഇംഗ്ലണ്ട് അവരുടെ പന്ത്രണ്ടംഗ ടീമിനെ ഇന്നലെത്തന്നെ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ച ജയിംസ് ആൻഡേഴ്സൺ, ഡോം ബെസ്സ്, ജോഫ്ര ആർച്ചർ, ജോസ് ബട്ട്ലർ എന്നിവരില്ലാതെയാകും ഇംഗ്ലണ്ട് ഇറങ്ങുക. ആൻഡേഴ്സണ് ടീം വിശ്രമം അനുവദിച്ചപ്പോൾ ആർച്ചർക്ക് പരിക്ക് തിരിച്ചടിയാവുകയായിരുന്നു. മോയിൻ അലി, ക്രിസ് വോക്സ്, സ്റ്ര്യുവർട്ട് ബ്രോഡ്, ബെൻ ഫോക്സ് എന്നിവരാണ് പുതുതായി അവസാന ഇലവനിൽ ഇടം നേടിയവർ.
12 അംഗ ടീം: ഡോം സിബ്ലി, റോറി ബേൺസ്, ഡാൻ ലോറൻസ്, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ഒലി പോപ്പ്, ബെൻ ഫോക്സ്, മോയിൻ അലി, ബ്രോഡ്, ക്രിസ് വോക്സ്, ജാക്ക് ലീച്ച്, ഒലി സ്റ്റോൺ.
പിച്ച് മാറി
വിവാദമായ കഴിഞ്ഞ മത്സരത്തിലെ പിച്ചിന് പകരം പുതിയ പിച്ചിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ക്യൂറേറ്ററേയും ബി.സി.സി.ഐ മാറ്റി. നല്ലചൂടുള്ള കാലാവസ്ഥയാണ് ചെന്നൈയിൽ നല്ല ടേൺ ലഭിക്കുന്ന പിച്ചാണ് നിർമ്മിച്ചിരിക്കുന്നതെന്നാണ് വിവരം.