
വിൽനുസ്: നഗ്നരായ മനുഷ്യരൂപങ്ങളെ ആധാരമാക്കി തയ്യാറാക്കിയ ഫുഡ് ആർട്ട് സീരീസിലൂടെ ലോകശ്രദ്ധയാകർഷിക്കുകയാണ് ലിത്വാനിയ സ്വദേശിയായ ജോലിറ്റ വൈകുറ്റ് എന്ന 25കാരി. കുറച്ചു വർഷങ്ങൾക്ക് മുമ്പാണ് ജോലിറ്റ ഫുഡ് ഇറോട്ടിക്ക എന്ന ഹാഷ്ടാഗോടെ ഫുഡ് ആർട്ട് സീരിസ് ആരംഭിക്കുന്നത്. കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വന്തം നഗ്ന ചിത്രങ്ങൾ പകർത്തിയ ശേഷം ആ ചിത്രങ്ങളുടെ ആകൃതിയിൽ പച്ചക്കറികൾ മുറിച്ച് വച്ചാണ് ആദ്യമായി ജോലിറ്റ ഫുഡ് ഇറോട്ടിക്ക ആരംഭിക്കുന്നത്. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെ നിരവധിപ്പേർ അവരുടെ നഗ്നചിത്രങ്ങൾ ജോലിറ്റയ്ക്ക് അയച്ചു കൊടുത്തു. ചിത്രങ്ങളിലാണ് താൻ പിന്നീട്ള ഫുഡ് ആർട്ട് ചെയ്തതെന്നും ജോലിറ്റ പറയുന്നു. എന്നാൽ,ചില ചിത്രങ്ങൾ അതിരുകടക്കുന്നവയായിരുന്നു. അതുകൊണ്ട് അപരിചിതരിൽ നിന്ന് ചിത്രങ്ങൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് പരിചയക്കാരുടെ ചിത്രങ്ങളിലായി പരീക്ഷണം. പ്രണയം, സ്വവർഗപ്രണയം, ലൈംഗികത എന്നീ തീമുകളിലും ജോലിറ്റ ഫുഡ് ആർട്ടുകൾ ഒരുക്കുന്നുണ്ട്. ഫുഡ് ഇറോട്ടിക്ക എന്ന് പേര് പലപ്പോഴും വിവാദമുണ്ടാക്കിയെങ്കിലും ഫുഡ് ആർട്ട് പ്രദർശനം വിജയമായതിന്റെ സന്തോഷത്തിലാണ് ജോലിറ്റ. നാം നിത്യവും ഉപയോഗിക്കുന്ന പച്ചക്കറികളായ ബീറ്റ്‌റൂട്ട്, കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ, കടുക്, കാബേജ്, തെയില, ചീസ്, മുളക്, വെള്ളരി എന്നിവയൊക്കെയാണ് ഫുഡ് ആർട്ടിനായി ജോലിറ്റ ഉപയോഗിക്കുന്നത്.