deshraj

പെറ്റുവീണ കുഞ്ഞിനെ വിറ്റ് ആഡംബര ജീവിതം നയിക്കുന്ന അച്ഛനമ്മമാർ പെരുകുന്ന ഇക്കാലത്ത് ഓട്ടോ ഡ്രൈവർ ദേസ് രാജിന്റെ ജീവിതം ഒരു പാഠമാണ്. പെൺമക്കളെ ഭാരമായി കാണുന്ന സമൂഹത്തിന് ഈ വൃദ്ധന്റെ പ്രവൃത്തി ഒരു മാതൃകയാണ്. കാരണം പ്രാരാബ്ദത്തിന്റെ ഭാണ്ഡക്കെട്ടഴിച്ച് സമൂഹത്തിന് മുന്നിൽ കൈ നീട്ടുകയല്ല ഈ വൃദ്ധൻ. കുടുംബഭാരം സന്തോഷത്തോടെ ചുമലിലേറ്റി, വിധിയുടെ വെല്ലുവിളികൾക്ക് നേരെ സധൈര്യം പുഞ്ചിരിക്കുകയാണ് ഈ മനുഷ്യൻ. ജീവിതഭാരത്തിൽ തളരാത്ത ആത്മധൈര്യമാണ് അദ്ദേഹത്തിന്റെ കൈമുതൽ. അതുകൊണ്ടാവും ഇദ്ദേഹത്തിന്റെ ജീവിതകഥ ഒട്ടേറെപ്പേരുടെ മനസ് നനയിക്കുന്നത്.

മാസം 10,000 രൂപ വരുമാനത്തിനായി, പേരക്കുട്ടിയെ അദ്ധ്യാപികയാക്കാനായി ദിവസത്തിന്റെ മുക്കാൽ സമയവും ഓട്ടോറിക്ഷയോടിക്കുന്ന, ഓട്ടോയിൽ ഉണ്ണുന്ന, ഉറങ്ങുന്ന ഈ വൃദ്ധന്റെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജാണ് പങ്കുവച്ചത്.

ചെറിയലോകം, വലിയ സന്തോഷം

ഭാര്യയും രണ്ട് ആൺമക്കളും ഒരു കൊച്ചുവീടുമായിരുന്നു ദേസ് രാജിന്റെ ലോകം. ഉള്ളത് കൊണ്ട് ജീവിതം ആഘോഷിച്ചവർ. സ്വന്തം കാലിൽ നിൽക്കാറായപ്പോൾ ആൺമക്കൾ വിവാഹിതരായി. സ്നേഹമുള്ള മരുമക്കൾ. നാലുപേരക്കുട്ടികൾ കൂടി എത്തിയതോടെ ദേസ്‌രാജിന്റെ കുടുംബവൃക്ഷത്തിൽ എന്നും വസന്തം നിറഞ്ഞു.

പക്ഷെ, ആറു കൊല്ലം മുമ്പ് വിധി ഇവരുടെ ജീവിതത്തിൽ കരി നിഴൽ വീഴ്ത്തി.

പതിവ് പോലെ ജോലിക്ക് പോയ മൂത്ത പുത്രൻ തിരികെ വീട്ടിലെത്തിയില്ല. അന്വേഷണങ്ങൾക്കൊടുവിൽ ഒരാഴ്ചയ്ക്ക് ശേഷം മകന്രെ മൃതദേഹമാണ് ദേസ്‌രാജിനെ തേടിയെത്തിത്. 40-ാമത്തെ വയസിൽ മരിച്ച മൂത്ത മകനൊപ്പം തന്റെ ജീവന്റെ ഒരു ഭാഗവും നഷ്ടപ്പെട്ടെന്ന് ദേസ്‌രാജ് പറയുന്നു. പക്ഷെ, മരുമകളെയും രണ്ട് കുട്ടികളെയും നോക്കേണ്ടതിനാൽ മകന് വേണ്ടി കരഞ്ഞിരിക്കാൻ പോലും ദേസ്‌രാജിന് സാവകാശമുണ്ടായില്ല.

വിധിയുടെ വിളയാട്ടം

വേർപാടിന്റെ വേദന പതിയെ മാഞ്ഞു തുടങ്ങിയപ്പോഴേക്കും അടുത്ത ദുരന്തമെത്തി. രണ്ട് കൊല്ലങ്ങൾക്ക് ശേഷം രണ്ടാമത്തെ മകൻ ആത്മഹത്യ ചെയ്തു. ഇതോടെ മക്കളുടെ തണലിൽ വിശ്രമിക്കേണ്ട പ്രായത്തിൽ ഭാര്യയുടേയും രണ്ട് മരുമക്കളുടെയും നാലു പേരക്കുട്ടികളുടെയും ഉത്തരവാദിത്വം മുഴുവൻ ദേസ്‌രാജിന് ഏറ്റെടുക്കേണ്ടി വന്നു. മരിച്ചുപോയ ആൺമക്കളെക്കുറിച്ചോർത്ത് കരയാൻ നേരം കിട്ടാതെ കുടുംബത്തിന് വേണ്ടി ഓട്ടോറിക്ഷയുമെടുത്ത് ദേസ് രാജ് തെരുവിലിറങ്ങി.

ഓട്ടോ തന്നെ ഉലകം

ആറുവർഷമായി രാവും പകലും ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനമാണ് ദേസ്‌രാജിന്റെ കുടുംബത്തിന്റെ നട്ടെല്ല്. എന്നാൽ പേരക്കുട്ടിയുടെ പഠനത്തിന് പണം തികയാതെ വന്നതോടെ ആകെയുള്ള വീട് വിറ്റു.

കുടുംബാംഗങ്ങളെ ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലാക്കി. ഓട്ടോയിൽ തന്നെ ഊണും ഉറക്കവും സജ്ജീകരിച്ച് ദേസ്‌രാജ് തെരുവിലിറങ്ങി. ഭാര്യയോടും മരുമക്കളോടും അവരുടെ നാല് മക്കളോടുമുള്ള കടമ ദേസ് രാജിന് പ്രതിസന്ധികൾ നേരിടാൻ ധൈര്യം പകർന്നു. ഓട്ടോയിലെ താമസം അത്ര മോശമൊന്നുമല്ല എന്നാണ് ദേസ് രാജിന്റെ അഭിപ്രായം.

കുഞ്ഞേ, എല്ലാം നിനക്കായി

മുത്തച്ഛന്റെ കഷ്ടപ്പാട് കണ്ട് കരളു മുറിഞ്ഞ ഒമ്പതാംക്ളാസുകാരി പേരക്കുട്ടി ദേസ് രാജിനോട് ചോദിച്ചു.

'ചാച്ചാ ഞാൻ പഠനം നിറുത്തി കൂലിവേലയ്ക്ക് പോകട്ടെ' എന്ന്.

എന്നാൽ ഇഷ്ടമുള്ളത്ര പഠിച്ചോളൂ എന്നായിരുന്നു ദേസ്‌രാജ് നൽകിയ മറുപടി.

രാവിലെ ആറിന് ഓട്ടോയുമായി സവാരിക്കിറങ്ങുന്ന ഇദ്ദേഹം രാത്രി പത്ത് മണി വരെ ഓട്ടോയോടിക്കും. കിട്ടുന്നതിൽ ആറായിരത്തോളം രൂപ പേരക്കുട്ടികളുടെ പഠനച്ചെലവിനായി നൽകും. ബാക്കി നാലായിരത്തോളം രൂപ താനൊഴികെ ഏഴ് പേരടങ്ങുന്ന കുടുംബത്തിന്റെ ഭക്ഷണത്തിനായി മാറ്റി വയ്ക്കും. ഈ തുക ഭക്ഷണത്തിന് തികയാത്തതിനാൽ പലപ്പോഴും പട്ടിണി കിടക്കേണ്ടി വരുമെന്ന് ദേസ്‌രാജ് പറയുന്നു.

സന്തോഷത്തിന്റെ മിന്നാമിനുങ്ങുകൾ

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പേരക്കുട്ടി 80 ശതമാനം മാർക്ക് നേടിയ ദിവസം തന്റെ വാഹനത്തിൽ കയറിയ യാത്രക്കാർക്ക് സൗജന്യയാത്ര നൽകിയാണ് ഈ മുത്തച്ഛൻ ആഹ്ളാദം പങ്കിട്ടത്. എന്നാൽ ബി.എഡ് പഠനത്തിനായി ഡൽഹിയിലേക്ക് പോകണമെന്ന അവളുടെ ആവശ്യത്തിന് മുന്നിൽ ദേസ്‌രാജ് ആദ്യമൊന്ന് പകച്ചു. പക്ഷേ, അവളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ തന്റെ ചെറിയ വീട് വിൽക്കാൻ തീരുമാനിച്ചു. പെൺകുട്ടിയെ പഠിപ്പിക്കാനായി ആകെയുള്ള സ്വത്ത് വിറ്റഴിക്കാനുള്ള തീരുമാനത്തെ എല്ലാവരും എതിർത്തു. പക്ഷേ, ദേസ്‌രാജ് പിന്മാറിയില്ല.

പേരക്കുട്ടി പഠനം പൂർത്തിയാക്കി അദ്ധ്യാപികയായെത്തുന്ന ദിവസം അവളെ ചേർത്തു പിടിച്ച് തനിക്ക് അഭിമാനിക്കാനവസരം നൽകിയതിലുള്ള സന്തോഷം പങ്കിടണമെന്നാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹമെന്ന് ദേസ് രാജ് പറഞ്ഞു. അവളാണ് ദേസ്‌രാജിന്റെ കുടുംബത്തിലെ ആദ്യ ബിരുദധാരി. അന്നേ ദിവസം തന്റെ യാത്രക്കാർക്ക് സൗജന്യയാത്ര നൽകുമെന്നും ദേസ്‌രാജ് പ്രഖ്യാപിച്ചു.

നന്മയുള്ള ലോകമേ...

ഹ്യൂമൻസ് ഒഫ് ബോംബെയുടെ ഫേസ്ബുക്ക് പേജ് വഴി ദേസ് രാജിന്റെ കഥയറിഞ്ഞ നിരവധി പേർ അദ്ദേഹത്തിന് സഹായം വാഗ്ദാനം ചെയ്തു. ദേസ്‌രാജിന്റെ കഥ ഹൃദയത്തിൽ തൊട്ടെന്നും കണ്ണുകളെ ഈറനണിയിച്ചെന്നും നിരവധി പേർ പ്രതികരിച്ചു. പെൺകുട്ടികളെ അംഗീകരിക്കാൻ പോലും മടിക്കുന്ന ഒരു സമൂഹത്തിൽ തന്റെ പേരക്കുട്ടിയുടെ പഠനത്തിനായി വീട് പോലും വിൽക്കാൻ തയ്യാറായ ദേസ്‌രാജിനെ അഭിനന്ദിച്ചവരേറെയാണ്. ഗുഞ്ജൻ റാത്തി എന്നയാൾ ദേസ്‌രാജിനെ സഹായിക്കാൻ ധനസമാഹരണം ആരംഭിച്ചു. ഇതുവരെ 276 പേരിൽ നിന്ന് 5.3 ലക്ഷം രൂപ സമാഹരിച്ചെന്നാണ് വിവരം.