k-fon

കൊച്ചി: ഇന്റർനെറ്റിൽ കേരളത്തെ സ്വയംപര്യാപ്‌തമാക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതി യാഥാർത്ഥ്യമാകുന്നു. ആദ്യഘട്ടത്തിന് അടുത്തയാഴ്‌ച തുടക്കമാകും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട് എന്നീ ഏഴ് ജില്ലകളിലെ ആയിരത്തോളം ഓഫീസുകളിലാണ് തുടക്കത്തിൽ ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കുന്നത്.

വീടുകളിലും 30,000ഓളം സർക്കാർ ഓഫീസുകളിലും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്ന ശക്തമായ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖലാ പദ്ധതിയാണ് കെ-ഫോൺ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് കെ-ഫോൺ പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തിൽ 5,700ഓളം സർക്കാർ ഓഫീസുകളിലും രണ്ടാഘട്ടത്തിൽ വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിലും മൂന്നാംഘട്ടത്തിൽ വീടുകളിലും ഇന്റർനെറ്റ് എത്തിക്കും.

കെ-ഫോൺ ലിമിറ്റഡ്

കെ.എസ്.ഇ.ബിയും കേരള സ്‌റ്റേറ്റ് ഐ.ടി ഇൻഫ്രാസ്‌ട്രക്‌ചറും ചേർന്ന് സ്ഥാപിച്ച കെ-ഫോൺ ലിമിറ്റഡ് കമ്പനിവഴിയാണ് കെ-ഫോൺ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്‌ട്രോണിക്‌സ് നയിക്കുന്ന കൺസോർഷ്യത്തിന് ടെൻഡർ നൽകി. റെയിൽടെൽ, എൽ.എസ്. കേബിൾ, എസ്.ആർ.ഐ.ടി എന്നിവയാണ് കൺസോർഷ്യത്തിലെ മറ്റംഗങ്ങൾ.

35,000 കിലോമീറ്റർ

കെ-ഫോൺ സ്ഥാപിക്കുന്നത് 35,000 കിലോമീറ്റർ ഒപ്‌റ്റിക് ഫൈബർ നെറ്റ്‌വർക്കാണ്. കേരളത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക് ശൃംഖലയായിരിക്കും ഇത്.

₹1,531 കോടി

കെ-ഫോൺ പദ്ധതിക്ക് കരാർ തുക കണക്കാക്കിയിരിക്കുന്നത് 1,531 കോടി രൂപ. 1,168 കോടി രൂപ നിർമ്മാണപ്രവർത്തനങ്ങൾക്കുള്ളതാണ്. ഇത് കിഫ്‌ബിയിൽ നിന്ന് നൽകും. 363 കോടി രൂപ ഓപ്പറേഷനും മെയിന്റനൻസിനുമാണ്.

അതിവേഗ ഇന്റർനെറ്റ്

സെക്കൻഡിൽ 10 എംബി മുതൽ ഒരു ജിബി വരെ വേഗത്തിലാണ് കെ-ഫോൺ ഇന്റർനെറ്റ് ലഭ്യമാക്കുക.