
കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ ജാമ്യവ്യവസ്ഥ ലംഘിച്ച് മുസ്ലിം ലീഗ് നേതാവ് വി. കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ. എറണാകുളം ജില്ലയിൽ നിന്ന് മലപ്പുറത്തെത്തിയാണ് ഇബ്രാഹിം കുഞ്ഞ് ജാമ്യവ്യവസ്ഥ ലംഘിച്ചത്. മലപ്പുറത്തെത്തിയ അദ്ദേഹം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സാദിഖലി ശിഹാബ് തങ്ങൾ, പി. കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുസ്ലിം ലീഗ് യോഗത്തിനെത്തിയാൽ കോടതിയുടെ ശ്രദ്ധയിൽ പെടുമെന്ന് ഭയന്ന് രഹസ്യമായി സ്വകാര്യ സന്ദർശനം നടത്തി മടങ്ങുകയായിരുന്നു.
ഗുരുതര രോഗമാണെന്ന് പറഞ്ഞ് ജാമ്യം നേടിയ ഇബ്രാഹിം കുഞ്ഞ് പൊതുപരിപാടികളിൽ സജീവമാണെന്നും സ്വകാര്യ ആശുപത്രി റിപ്പോർട്ട് ഹാജരാക്കി കോടതിയെ കബളിപ്പിച്ചെന്നും അതിനാൽ ജാമ്യം റദ്ദാക്കണമെന്നും കാണിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. വിജിലൻസ് കേസിലെ പരാതിക്കാരൻ ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.