
തിരുവനന്തപുരം: വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ പതിനഞ്ച് മണ്ഡലങ്ങളിൽ വിജയം നേടാനുള്ള തന്ത്രങ്ങളൊരുക്കാൻ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിർദ്ദേശം. മുപ്പത്തയ്യായിരത്തിൽ കൂടുതൽ വോട്ടുള്ള മണ്ഡലങ്ങളെ എ പ്ലസ് വിഭാഗത്തിൽ ഉൾപ്പെടുത്തി അതീവ പ്രാധാന്യത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ബി.ജെ.പി ഒരുങ്ങുന്നത് വിജയം ഉറപ്പുള്ള 15 മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് ബിജെപിക്ക് കേന്ദ്ര ഘടകം നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന വൻ തിരഞ്ഞെടുപ്പ് റാലികൾ സംഘടിപ്പിക്കും. മുപ്പത് വോട്ടർക്ക് ഒരു പ്രവർത്തകൻ എന്ന രീതിയിൽ വോട്ടുറപ്പിക്കാനും നിർദ്ദേശമുണ്ട്.
.നേമം,വട്ടിയൂർക്കാവ്,മഞ്ചേശ്വരം,കാട്ടാക്കട, കോന്നി,അടൂർ തുടങ്ങി 15 മണ്ഡലങ്ങളിൽ വിജയത്തിൽ കുറഞ്ഞുള്ള ഒന്നും ബി.ജെ.പിയുടെ മുന്നിലില്ല. അയ്യായിരം മുതൽ എണ്ണായിരം വരെ വോട്ടുകൾ അധികം നേടാനായാൽ ഈ മണ്ഡലങ്ങളിൽ ജയിക്കാമെന്ന കണക്കൂകൂട്ടലിലാണ് നേതൃത്വം. കേന്ദ്രമന്ത്രിമാരായ .അമിത് ഷാ ,രാജ്‌നാഥ് സിംഗ് ഉൾപ്പെടെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് വലിയ റാലികൾ ഈ മണ്ഡലങ്ങളിൽ സംഘടിപ്പിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.
സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ജാഥ കടന്ന് പോകാത്ത ഇടങ്ങളിൽ പിന്നീട് കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന വലിയ റാലികൾ സംഘടിപ്പിക്കും. മുപ്പത് വോട്ടർമാർക്ക് ഒരു പ്രവർത്തകൻ എന്ന നിലയിൽ താഴെ തട്ടിലും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. പ്രവർത്തകർ ഈ വോട്ടർമാരെ നിരന്തരം കണ്ട് വോട്ട് ഉറപ്പിക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈവിട്ട മഞ്ചേശ്വരം ഇത്തവണ പിടിച്ചെടുക്കാൻ ബിജെപിയുടെ കർണാടക ഘടകത്തോട് അവിടം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും കേന്ദ്ര നേതാക്കൾ നിർദ്ദേശിച്ചിട്ടുണ്ട്.