google-map

ന്യൂഡൽഹി: ഗൂഗിൾ മാപ്പിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനൊരുങ്ങി ഇന്ത്യ. ഐ.എസ്.ആർ.ഒയും നാവിഗേഷൻ ദാതാവായ മാപ് ‌മൈ ഇന്ത്യയും സംയുക്തമായാകും തദ്ദേശീയ മാപ്പ് തയാറാക്കുക. ഇതിനായി മാപ്‌ മൈ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോസ്‌പേഷ്യൽ ടെക്‌നോളജി കമ്പനി സിഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐ.എസ്.ആർ.ഒ. ഉൾപ്പെടുന്ന ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോസ്‌പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐ.എസ്.ആർ.ഒയുമായി ഒരുമിക്കുകയാണെന്ന് മാപ്‌ മൈ ഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു. ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇവിടെ നിർമിച്ച ആപ്പിനെ ആശ്രയിക്കാം. വിദേശത്തു രൂപകൽപന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിൾ മാപ്സ്/എർത്ത് എന്നിവയുടെ ആവശ്യമില്ലെന്നും വർമ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ അഭിപ്രായപ്പെട്ടു.

ധാരാണാപത്രം പ്രകാരം സംയോജിത പങ്കാളിത്തത്തിലൂടെ മാപ്‌ മൈ ഇന്ത്യയും ഐ.എസ്.ആർ.ഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും. ഐ.എസ്.ആർ.ഒ. ഇതിനകംതന്നെ നാവിഗേഷനും റേഞ്ചിങിനുമായി തദ്ദേശീയമായി ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐ.ആർ.എൻ.എസ്.എസ്.) എന്ന സ്ഥാന നിർണയസംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വിദേശ സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സ്ഥാന നിയന്ത്രണ ഉപഗ്രഹങ്ങളെ ആശ്രയിക്കുമ്പോൾ അത്യാവശ്യഘട്ടങ്ങളിൽ വിവരം ലഭ്യമാകാതെ വരുന്നത് ഒഴിവാക്കാനാണ് ഐ.ആർ.എൻ.എസ്.എസ്. ഇന്ത്യ വികസിപ്പിച്ചെടുത്തത്.