
തൃപ്പൂണിത്തുറ: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യയാത്ര തൃപ്പൂണിത്തുറയിലെത്തിയപ്പോൾ വേദിയിൽ കയറിവന്ന സംവിധായകൻ മേജർ രവി ശ്രദ്ധാകേന്ദ്രമായി. ബി.ജെ.പി സഹയാത്രികനായി കരുതപ്പെടുന്ന മേജർ രവിയെ കോൺഗ്രസ് പ്രവർത്തകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ചെന്നിത്തല ഇദ്ദേഹത്തിന് ഷാളും അണിയിച്ചു.
താൻ ബി.ജെ.പിക്കാരനാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടെങ്കിലും അതൊന്നും സത്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പിന്തുണ കോൺഗ്രസിനാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ, പി.കെ.കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരോടുള്ള അടുപ്പമാണ് ഈ വേദിയിൽ എത്താൻ കാരണമെന്ന് രവി പറഞ്ഞു. മാദ്ധ്യമ പ്രവർത്തകരോടും പൊതുജനത്തിനോടും മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കുന്ന ധാർഷ്ട്യം സഹിക്കാൻ വയ്യാതായി. രമേശ് ചെന്നിത്തലയ്ക്ക് നല്ല മുഖ്യമന്ത്രിയാകാനാകുമെന്നും മേജർ രവി പറഞ്ഞു.