owaisi

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലേക്ക് പ്രചാരണത്തിനായി വരാനോ സംസ്ഥാനത്തെ ഏതെങ്കിലും പാർട്ടിയുമായി സഖ്യം ചേരാനോ പദ്ധതിയില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം അഖിലേന്ത്യാ അദ്ധ്യക്ഷൻ അസാദുദ്ദീൻ ഒവൈസി. ഒരു മലയാള വാർത്താ മാദ്ധ്യമത്തിന്റെ ഓൺലൈൻ വിഭാഗത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

എഐഎംഐഎം പാര്‍ട്ടി അസമിലും കേരളത്തിലും മത്സരിക്കില്ലെനുള്ളത് നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യമാണെന്നും ഒവൈസി പറഞ്ഞു. കേരളത്തിൽ മുസ്ലിം ലീഗ് ഉണ്ടല്ലോ എന്നും തങ്ങൾ കുടുംബമാണ് അതിന് നേതൃത്വം നൽകുന്നതെന്നും അതിനാൽ താൻ കേരളത്തിലേക്ക് വരുന്നില്ലെന്നും ഒവൈസി വിശദീകരിച്ചു.

ബിഹാറിൽ മത്സരിച്ചതിനെ കുറിച്ച് ചോദിച്ചപ്പോൾ'ജനാധിപത്യ രാഷ്ട്രമായതിനാല്‍ ഇഷ്ടമുള്ളിടത്തു മത്സരിക്കാമെന്ന്' ഒവൈസി പ്രതികരിച്ചു.

അസമിൽ താൻ മത്സരിക്കാത്തത് ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫ് അവിടെ ഉള്ളതുകൊണ്ടാണെന്ന് ഒവൈസി നേരത്തെ ഒരു ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചിരുന്നു. കേരളത്തിന്റെ കാര്യവും അദ്ദേഹം അപ്പോൾ പറഞ്ഞിരുന്നു. ആരെയും തങ്ങൾ ശല്യപ്പെടുത്താൻ പോകുന്നില്ലെന്നും അവർക്ക് ആവശ്യം വന്നാൽ വിളിക്കുമെന്നും അപ്പോൾ പോകുമെന്നും ഒവൈസി പറഞ്ഞിരുന്നു.