
കോഴിക്കോട് : സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത് കുമാർ സഞ്ചരിച്ച വാഹനത്തെ നാലു വാഹനങ്ങളിൽ പിന്തുടർന്ന് അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കൽപ്പറ്റയിലെ പരിപാടിയിൽ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെ മലപ്പുറം എടവണ്ണപ്പാറയിൽ വച്ചാണ് ആക്രമണ ശ്രമം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതി നൽകിയെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും സുമിത് കുമാർ പറഞ്ഞു.
കൽപറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മടങ്ങുകയായിരുന്നു കസ്റ്റംസ് കമ്മിഷണർ സുമീത് കുമാർ. കൽപ്പറ്റയിൽനിന്ന് മുക്കത്തെത്തിയ ശേഷമാണ് വാഹനങ്ങൾ പിന്തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. കമ്മിഷണറുടെ വാഹനത്തിനു മുന്നിലും പിന്നിലുമായാണ് അക്രമികളുടെ വാഹനങ്ങൾ സഞ്ചരിച്ചത്. അൽപദൂരം പിന്നിട്ട ശേഷം നാല് വാഹനങ്ങളും കസ്റ്റംസം കമ്മിഷണറുടെ വാഹനത്തിനു പിറകെയായി യാത്ര. കൊണ്ടോട്ടി വരെ നാല് വാഹനങ്ങളും പിന്തുടർന്നു.
കൊണ്ടോട്ടിയിൽനിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് നാല് വാഹനങ്ങളും കടന്നുപോയത്. എറണാകുളം റജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി കസ്റ്റംസിന്റെ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. അക്രമികള്‍ എത്തിയ വാഹനം പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.