customs-commisioner

കോഴിക്കോട്: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത് കുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ കസ്റ്റഡിയിൽ. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സൻസിം എന്നിവരാണ് പിടിയിലായത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.

കേസ് അന്വേഷിക്കാന്‍ കസ്റ്റംസിന്റെ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൽപ്പറ്റയിലെ പരിപാടിയിൽ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് കമ്മിഷണർക്ക് നേരെ മലപ്പുറം എടവണ്ണപ്പാറയിൽ വച്ച് ആക്രമണ ശ്രമം നടന്നത്. നാല് വാഹനങ്ങൾ അദ്ദേഹത്തെ പിന്തുടരുകയായിരുന്നു.

കൊണ്ടോട്ടിയിൽ നിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരിലേക്ക് തിരിഞ്ഞതോടെയാണ് നാല് വാഹനങ്ങളും കടന്നുപോയത്. എറണാകുളം രജിസ്‌ട്രേഷനിലുള്ള വാഹനങ്ങൾ ഒരാഴ്ച മുൻപ് നീലേശ്വരം, കൊടുവള്ളി സ്വദേശികൾ വാങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.