
കോട്ടയം: ഒരു മസാല ചിത്രത്തിലെ അപ്രതീക്ഷിത ട്വിസ്റ്റു പോലെയായി ഇടതു മുന്നണി സിറ്റിംഗ് എം.എൽ.എ മാണി സി. കാപ്പന്റെ രാഷ്ടീയ ജീവിത തിരക്കഥ. കെ.എം.മാണി അര നൂറ്റാണ്ട് ഉള്ളം കൈയിൽ കാത്തുസൂക്ഷിച്ച പാലാ, മാണിയുടെ മരണശേഷം ഇടതു മുന്നണിയുടെ കൈകളിൽ എത്തിച്ചിട്ടും തന്നോടു തോറ്റവർക്ക് സീറ്റ് വിട്ടു കൊടുക്കേണ്ട ഗതികേട് സഹിക്കവയ്യാതെ മുന്നണി വിടുന്നു. മുൻ ഇന്ത്യൻ വോളിബാൾ താരമായ കാപ്പൻ, രമേശ് ചെന്നിത്തലയുടെ കേരളയാത്ര പാലായിലെത്തുമ്പോൾ വലത്തോട്ടു കയറി കൈ വീശും.
2006ൽ മാണിയുടെ ഭൂരിപക്ഷം 24,000ത്തിൽ നിന്ന് 7500 ആയും 2011ൽ 5500 ആയും 2016ൽ 4703 ആയും കുറച്ച കാപ്പൻ മാണിയുടെ മരണശേഷം 2019 സെപ്തംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2943 വോട്ടുകൾക്കായിരുന്നു കേരളകോൺഗ്രസ് എമ്മിലെ ജോസ് ടോമിനെ തോൽപ്പിച്ചത്. വികസന പ്രവർത്തനങ്ങളിലൂടെ ഒന്നര വർഷത്തിനുള്ളിൽ വോട്ടർമാർക്ക് പ്രിയങ്കരനായി മാറി.
മണ്ണും ചാരി നിന്നവർ സീറ്റ് കൊണ്ടു പോകുന്നത് അംഗീകരിക്കുന്നത് അഭിമാനം പണയം വയ്ക്കലാണെന്ന് കാപ്പൻ പറയുന്നു. യു.ഡി.എഫ് പ്രതിനിധിയായി ഇത്തവണ പാലാക്കാർക്കു മുന്നിൽ വോട്ടഭ്യർത്ഥിച്ചെത്തുമ്പോൾ, അവർ കൈവിടില്ലെന്ന ഉറച്ച വിശ്വാസവുമുണ്ട്.
സ്വാതന്ത്ര്യസമര സേനാനിയും മുൻ കോൺഗ്രസ് എം.പിയുമായ പരേതനായ ചെറിയാൻ ജെ. കാപ്പന്റെയും പരേതയായ ത്രേസ്യാമ്മയുടെയും മകനായി 1956ലാണ് ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മടപ്പള്ളി ഗവ.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വോളിബാൾ ടീം ക്യാപ്ടനായി തിളങ്ങിയ കാപ്പനെ 1977ൽ വൈദ്യുതി ബോർഡ് ടീമിലെടുത്തു. 78ൽ യു.എ.ഇയിലെ അബുദാബി സ്‌പോർസ് ക്ലബിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1993ൽ മേലേപ്പറമ്പിൽ ആൺവീട് നിർമ്മിച്ച് സിനിമാരംഗത്തെത്തി.12 ചിത്രങ്ങൾ നിർമ്മിച്ച കാപ്പൻ മലയാളം, തമിഴ്, തെലുങ്ക്, അസാമീസ് ഭാഷകളിലായി 25ൽപ്പരം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുമുണ്ട്. 2000 മുതൽ 2005 വരെ പാലാ മുനിസിപ്പൽ കൗൺസിലറായിരുന്നു. ദീർഘകാലം എൻ.സി.പി സംസ്ഥാന ട്രഷറർ ആയിരുന്നു. ചങ്ങനാശ്ശേരി പാലത്തിങ്കൽ കുടുംബാംഗം ആലീസ് ആണ് ഭാര്യ. മകൻ ചെറിയാൻ മാണി കാപ്പൻ കാനഡയിൽ എൻജിനിയർ. ടീന,ദീപ എന്നിവരാണ് മറ്റു മക്കൾ.