vijayaraghavan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല മുഖ്യവിഷയമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സുപ്രിംകോടതി വിധിവന്നാൽ സർക്കാർ നടപ്പാക്കും. നിലപാടിൽ അവ്യക്തതയില്ല. സർക്കാർ വിശ്വാസികൾക്ക് ഒപ്പമാണോയെന്ന ചോദ്യം അപ്രസക്തമെന്നും എ വിജയരാഘവൻ പറഞ്ഞു.

കോടതിക്ക് മുന്നിലുളള വിഷയത്തിൽ കോടതി തീരുമാനമെടുക്കട്ടെ. അതുവരെ കാത്തിരിക്കാം. വിധി വരുമ്പോൾ അത് എങ്ങനെ നടപ്പിലാക്കണമെന്നത് സർക്കാർ തീരുമാനിക്കേണ്ടതാണ്. അതിൽ കൂടുതൽ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയെന്ന നിലയിൽ എൻ സി പിയുമായി തർക്കമില്ല. അവരുമായി സൗഹൃദത്തിലാണ്. വ്യക്തികളല്ല നിലപാട് പറയേണ്ടതെന്ന് അദ്ദേഹം മാണി സി കാപ്പനെ ഉന്നമിട്ട് പറഞ്ഞു. വികസന മുന്നേറ്റ ജാഥയിൽ ഇന്നത്തെ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയാകുമെന്നും വിജയരാഘവൻ വ്യക്തമാക്കി.

ഉദ്യോഗാർത്ഥികളുടെ സമരത്തിൽ മന്ത്രിമാരുടെ നിലപാടുകളെ വിജയരാഘവൻ ന്യായീകരിച്ചു. ഉദ്യോഗാർത്ഥികളുടെ സമരത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. സമരക്കാരുടേത് പരിഹരിക്കാനാകുന്ന വിഷമയല്ല. സമരം ചെയ്യുക എന്നത് ജനാധിപത്യ അവകാശമാണ്. സർക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്‌തുകഴിഞ്ഞുവെന്നും വിജയരാഘവൻ പറഞ്ഞു.