saseendran

കോഴിക്കോട്: എൽ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് പോകുന്നുവെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് എ കെ ശശീന്ദ്രൻ. കാപ്പനെ എം എൽ എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണിത്. എൽ ഡി എഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവിൽ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുമ്പ് കാപ്പൻ എടുത്ത നിലപാട് അനുചിതമാണെന്നും ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.

തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കാപ്പന്റെ ഇപ്പോഴത്തെ പ്രവർത്തി കാണുമ്പോൾ അദ്ദേഹം നേരത്തെ യു ഡി എഫുമായി ധാരണയുണ്ടാക്കി എന്ന് വ്യക്തമാണ്. തന്റെ കൂടെ ആളുണ്ടെന്ന അവകാശവാദം കാണാൻ പോകുന്ന പൂരമാണ്. ഇക്കാര്യം ജില്ലാ പ്രസിഡന്റുമാരോട് അന്വേഷിച്ചാൽ അറിയാം. എൻ സി പിയിലെ ചില ജില്ലാ കമ്മിറ്റികൾ ഒഴികെ എല്ലാവരും എൽ ഡി എഫിനൊപ്പമാണ്. ഇത് മാദ്ധ്യമ പ്രവർത്തകർക്ക് പരിശോധിക്കാം. ഒരാൾ പോയാലും പാർട്ടിക്ക് ക്ഷീണമാണ്. പിളരുന്തോറും വളരും എന്ന് പറഞ്ഞത് കെ എം മാണി മാത്രമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

കാപ്പന് ക്ഷമ വേണമായിരുന്നു. പാല വിട്ടുനൽകില്ല എന്നൊരു ചർച്ച മുന്നണിയിൽ ഔദ്യോഗികമായോ അനൗദ്യോഗികമായോ നടന്നില്ല. പാലാ സീറ്റിൽ എൽ ഡി എഫിന്റെ അന്തിമ തീരുമാനത്തിനും കാത്തിരുന്നില്ല. കാപ്പൻ കാണിച്ചത് പാർട്ടി അച്ചടക്കത്തിനെതിരാണ്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കാപ്പന്റെ തീരുമാനം. അദ്ദേഹത്തെ ജയിപ്പിച്ച പ്രവർത്തകരെ വഞ്ചിച്ചു. ഇത് ഒരു നല്ല പ്രവർത്തിയോ രാഷ്ട്രീയ തീരുമാനമോ അല്ലെന്നും ശശീന്ദ്രൻ പ്രതികരിച്ചു.