vidhura-case

കോട്ടയം: കഴിഞ്ഞ ദിവസമായിരുന്നു വിതുര പീഡനക്കേസിലെ ഒന്നാം പ്രതിയായ കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനെ (ഷംസുദ്ദീൻ മുഹമ്മദ് ഷാജഹാൻ ) കോടതി 24 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ശിക്ഷാവിധിയ്ക്ക് പിന്നാലെ പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു.


കുറച്ച് സമയത്തെ മൗനത്തിന് ശേഷമായിരുന്നു സുരേഷ് തനിക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയെ അറിയിച്ചത്. 'അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസൽമാനാണ് ഞാൻ. അനാഥ പെൺകുട്ടിയെ വിവാഹം കഴിക്കുകയും, ആ ബന്ധത്തിൽ 13 വയസുള്ള മകളുമുണ്ട്. തമിഴ്‌നാട്ടിലെ താംബരത്ത് അനാഥാലയം ഏറ്റെടുത്തു നടത്തുന്നുണ്ട്. അവിടെ ഒമ്പത് കുട്ടികളുണ്ട്. അവരുടെ ഭക്ഷണം, വസ്ത്രം, സ്‌കൂൾ, ജീവനക്കാരുടെ ശമ്പളം എന്നിവയൊക്കെ നിർവഹിക്കുന്നത് ഞാനാണ്'- പ്രതി പറഞ്ഞു.


പ്രായപൂർത്തിയാകാത്ത വിതുര സ്വദേശിനിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും, പലർക്കായി കൈമാറുകയും ചെയ്തുവെന്നായിരുന്നു കേസ്. ജോലി വാഗ്ദ്ധാനം ചെയ്ത് അകന്ന ബന്ധുവായ അജിത ബീഗം എന്ന സ്ത്രീയാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കൊണ്ടുപോയത്. 1995 നവംബർ 21നാണ് അജിത പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോന്നത്. പിന്നീട് സുരേഷിന് കൈമാറി.


1996 ജൂലായ് 9 വരെ ഒൻപത് മാസക്കാലം കേരളത്തിനകത്തും പുറത്തുമായി കൊണ്ടുപോയി പെൺകുട്ടിയെ പലർക്കും കാഴ്ചവച്ചു. ജൂലായ് 16ന് പെൺകുട്ടിയെ കേസിലെ പ്രതികളിലൊരാളായ സണ്ണി എന്നയാൾക്കൊപ്പം എറണാകുളം സെൻട്രൽ പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.


വിചാരണയിൽ 36 പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. പ്രധാന പ്രതിയായ സുരേഷ് ഒളിവിലായതിനാൽ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടതോടെ തനിക്കും ശിക്ഷ ലഭിക്കില്ലെന്ന് കരുതി 18 വർഷത്തിനുശേഷം കോടതിയിൽ ഇയാൾ കീഴടങ്ങുകയായിരുന്നു. മൂന്നാം ഘട്ട വിചാരണ നടക്കുന്നതിനിടയിൽ സുരേഷിനെ പെൺകുട്ടി തിരിച്ചറിഞ്ഞിരുന്നു.