
തിരുവനന്തപുരം: ആര് മാപ്പുപറയുമെന്നതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും ബലാബലം പരീക്ഷിച്ചതോടെ വികസനകാര്യം ചർച്ചചെയ്യേണ്ട കോർപറേഷൻ കൗൺസിൽ യോഗം വാക്‌പോരിൽ അവസാനിച്ചു. വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിൽ സംഘടനാ പരിപാടിക്ക് പോയ മേയർ ജനങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ വർക്കിംഗ് ഗ്രൂപ്പ് യോഗത്തെ വികസന സെമിനാറായി ചിത്രീകരിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച പ്രതിപക്ഷമാണ് മാപ്പുപറയേണ്ടതെന്ന് മേയർ ആര്യാ രാജേന്ദ്രനും നിലപാടെടുത്തു. ഇതോടെ യോഗം ബഹളമയമായി.
വാക്പോര് മുറുകിയതോടെ പ്രതിപക്ഷാംഗങ്ങൾ യോഗം ബഹിഷ്‌കരിച്ചു. മേയർ മാപ്പുപറയണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു.ഡി.എഫ് നേതാവ് പി. പത്മകുമാറാണ്. പിന്നാലെ സംസാരിച്ച ബി.ജെ.പി അംഗം കരമന അജിത്ത് മേയറെ കടന്നാക്രമിച്ചു. വർക്കിംഗ് ഗ്രൂപ്പുകളുടെ യോഗം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞെങ്കിലും മിനിട്സ് ലഭ്യമാക്കിയില്ല. കരട് പദ്ധതിയിൽ 90 ശതമാനവും കഴിഞ്ഞ വർഷത്തെ പദ്ധിതികളാണ്. ചുമതല കൃത്യമായി നിർവഹിക്കാത്ത മേയർ മാപ്പുപറയണമെന്ന് അജിത്തും ആവശ്യപ്പെട്ടു.
പ്രതിപക്ഷത്തെ തിരിച്ചടിക്കുന്ന സമീപനമാണ് മേയറും സ്വീകരിച്ചത്. വർക്കിംഗ് ഗ്രൂപ്പ് യോഗത്തെ വികസന സെമിനാറായി ചിത്രീകരിച്ച് വ്യജപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച 35 ബി.ജെ.പി കൗൺസിലർമാരാണ് ആദ്യം ജനങ്ങളോട് മാപ്പ് പറയേണ്ടതെന്ന് മേയർ പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗ തീരുമാനം സ്റ്റാൻഡിംഗ് കമ്മിറ്റികൾ അംഗീകരിച്ചുകൊണ്ടുള്ള ശുപാർശ കൗൺസിലിൽ കൊണ്ടുവന്നത് തെറ്റാണെന്നും പൊതുയോഗത്തിന് ശേഷം സ്ഥിരം സമിതികൾ ചേർന്നിട്ടില്ലെന്നും കൗൺസിലർ അനിൽ ചൂണ്ടിക്കാട്ടി. കൗൺസിൽ നോട്ടീസിലെ മേയറുടെ ഒപ്പും സീലും വ്യാജമാണോയെന്ന പരാമർശം തർക്കത്തിനിടയാക്കി. അനിലിന് പിന്തുണയുമായി കരമന അജിത് എഴുന്നേറ്റതോടെ ഭരണപക്ഷ നിരയിൽ നിന്ന് ഡി.ആർ. അനിൽ, എസ്.സലിം എന്നിവർ മേയർക്ക് പ്രതിരോധം തീർത്തു.
മാപ്പ് പറയാത്ത മേയറുടെ നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുന്നതായി ബി.ജെ.പി നേതാവ് എം.ആർ.ഗോപൻ അറിയിച്ചു. പിന്നാലെ യു.ഡി.എഫ് അംഗങ്ങളും മേയർ മാപ്പ് പറയണമെന്ന ആവശ്യവുമായി എഴുന്നേറ്റു. ഇതോടെ എൽ.ഡി.എഫ് അംഗങ്ങൾ കൂകിവിളിച്ചു. യു.ഡി.എഫും യോഗം ബഹിഷ്‌കരിച്ചതോടെ അജൻഡ പാസാക്കി കൗൺസിൽ പിരിയുന്നതായി മേയർ അറിയിച്ചു.
പ്രതിപക്ഷം യോഗം ബഹിഷ്കരിക്കുന്നതിനിടെ മേയർ നിലപാട് വിശദീകരിച്ചു. സംഘടനാ പരിപാടിയിൽ പങ്കെടുക്കാൻ പോയതിനാലാണ് വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിൽ പങ്കെടുക്കാൻ കഴിയാത്തത്. ഇടതുപ്രസ്ഥാനത്തിന്റെ ഭാഗമായതിനാലാണ് ഈ സ്ഥാനത്ത് എത്തിയത്. അതിൽ അഭിമാനമേയുള്ളൂവെന്നും വ്യക്തമാക്കിയ ആര്യ കൗൺസിൽ യോഗത്തിൽ മര്യാദ പാലിച്ചില്ലെങ്കിൽ അജൻഡകൾ പാസാക്കാൻ അറിയാമെന്നുള്ള മുന്നറിയിപ്പും നൽകി.