
ബംഗളൂരു: ഐ എസ് ആർ ഒ ചെയർമാൻ ഡോ. കെ ശിവന്റെ മകന് ചട്ടങ്ങൾ മറികടന്ന് നിയമനം നൽകിയതായി പരാതി. ഐ എസ് ആർ ഒയുടെ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൾഷൻ സിസ്റ്റംസ് സെന്ററിലാണ് (എല്‍പിഎസ്‌സി) ശിവന്റ മകൻ സിദ്ധാർത്ഥിനെ നിയമിച്ചത്. കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണം തുടങ്ങി.
എൽ പി എസ് സി ഡയറക്ടർ ഡോ വി നാരായണൻ വിക്രം സാരാഭായി സ്‌പെയ്‌സ് സെന്ററിലേക്കു സ്ഥലംമാറിപോകുന്നതിന് മുമ്പായി ധൃതിപിടിച്ച് നിയമനം നടത്തിയെന്ന് പരാതിയിൽ പറയുന്നു. സ്‌ക്രീനിങ്, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഐ എസ് ആർ ഒയിലേക്ക് നിയമനം നടത്തുക.
എന്നാൽ സിദ്ധാർത്ഥിന്റെ കാര്യത്തിൽ ഇതൊന്നും പാലിക്കാതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് നിയമിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ നവംബർ 20നാണ് സയന്റിസ്റ്റ് എൻജിനിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പരസ്യം നൽകിയത്. അതേസമയം ഡോ ശിവൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.