pinarayi-vijayan

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയും വിദ്യാർത്ഥികളുമായുളള ചോദ്യോത്തര പരിപാടിയിൽ മാദ്ധ്യമങ്ങൾക്ക് വിലക്ക്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടൻ മാദ്ധ്യമങ്ങൾ പുറത്തിറങ്ങണമെന്നായിരുന്നു നിർദ്ദേശം. മുകളിൽ നിന്നുളള നിർദ്ദേശം അനുസരിച്ചാണ് മാദ്ധ്യമങ്ങളോട് പുറത്തിറങ്ങാൻ പറഞ്ഞതെന്നാണ് വോളന്റിയർമാർ പറയുന്നത്.

മഹാത്മാമഗാന്ധി സർവകലാശാലയിൽ ചോദ്യം ചോദിച്ച വിദ്യാർത്ഥിയോട് മുഖ്യമന്ത്രി ദേഷ്യപ്പെടുന്ന വീഡിയോ നേരത്തെ വിവാദമായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലടക്കം വൈറലായ വീഡിയോ സംവാദ പരിപാടിക്ക് തന്നെ ക്ഷീണമായി മാറിയിരുന്നു. പ്രസ്‌തുത വിഷയമാണ് ഇത്തരമൊരു നടപടി സ്വീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് വിവരം.

അതേസമയം, മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എം എസ് എഫ് വിദ്യാർത്ഥികൾ സ്ഥലത്ത് പ്രതിഷേധിച്ചു. വിദ്യാർത്ഥികളെ പൊലീസ് തടഞ്ഞുവച്ചതിനെ തുടർന്ന് പരിപാടിയ്‌ക്ക് ബദലായി തെരുവിൽ ചോദ്യങ്ങൾ ചോദിച്ച് എം എസ് എഫുകാർ പ്രതിഷേധം അറിയിച്ചു.