
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ലക്ഷ്യമിട്ടിരുന്നതായി പിടിയിലായ ജെയ്‌ഷെ മുഹമ്മദ് ഭീകരർ. ഈമാസം ആറിന് അറസ്റ്റിലായ ഷോപ്പിയാൻ സ്വദേശിയായ ജെയ്‌ഷെ ഭീകരൻ ഹിദായത്തുല്ല മാലിക്കിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്.
പാകിസ്ഥാനിൽ നിന്നുള്ള നിർദേശപ്രകാരം ഡോവലിനെ ലക്ഷ്യമിട്ടുകൊണ്ട് സർദാർ പട്ടേൽ ഭവനിലും, ഡൽഹിയിലെ മറ്റിടങ്ങളിൽ വച്ചും ഗൂഢാലോചനകൾ നടന്നുവെന്നാണ് ഭീകരൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഡോവലിന്റെ ഓഫീസിന്റെയും വീടിന്റെയും സുരക്ഷ കൂട്ടിയിട്ടുണ്ട്.
2019 മേയ് 24ന് ശ്രീനഗറിൽ നിന്ന് വിമാനത്തിൽ ഡൽഹിയിലെത്തിയെന്നും, അജിത് ഡോവലിന്റെ ഓഫീസും സുരക്ഷാ സന്നാഹങ്ങളും വീഡിയോയിൽ പകർത്തിയ ശേഷം വാട്‌സാപ്പ് വഴി പാകിസ്ഥാനിലുള്ളവർക്ക് അയച്ചുകൊടുത്തിരുന്നതായും ഹിദായത്തുല്ല മാലിക് അന്വേഷണ സംഘത്തോട് പറഞ്ഞു. കഴിഞ്ഞവർഷം മെയ് മാസത്തിൽ ചാവേർ ആക്രമണത്തിന് മാലിക് കാർ തന്നെന്നും, നവംബറിൽ ജമ്മു കാശ്മീർ ബാങ്കിൽ നിന്ന് 60 ലക്ഷം കൊള്ളയടിച്ചതായും ഇയാൾ വെളിപ്പെടുത്തിയിട്ടുണ്ട്.