su

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ എെ.എൻ.എ ഭടന്റെ മകളും ചെറുമകനും സ്വന്തം വസ്തുവിൽ അവകാശം വീണ്ടെടുക്കാൻ സർക്കാർ ഓഫീസുകളുടെ പടികയറി തളരുകയാണ്. അതും റവന്യൂ ഉദ്യോഗസ്ഥർ വരുത്തിയ ഗുരുതര പിഴവിന്.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത അനുയായിയായിരുന്ന ടി.എസ്. കൊച്ചുനാരായണൻ വില കൊടുത്ത് വാങ്ങിയ മൂന്ന് സെന്റ് ഭൂമിയുടെ അവകാശത്തിനാണ് നീതിയുടെ കനിവ് തേടിയുള്ള അലച്ചിൽ. 1990-91ൽ റീസർവേ നടത്തിയ ഉദ്യോഗസ്ഥരാണ് ഈ ദരിദ്ര കുടുംബത്തോട് കൊടുംചതി കാണിച്ചത്. കൊച്ചുനാരായണൻ വാങ്ങിയ ഭൂമി പുറമ്പോക്കാണെന്ന് തിരുത്തിയെഴുതുകയായിരുന്നു.

ആറു സെന്റ് ഉണ്ടായിരുന്നതിൽ പകുതി റോഡ് വികസനത്തിന് ഏറ്റെടുത്തു. ബാക്കി മൂന്നു സെന്റിൽ ഇടിഞ്ഞു വീഴാറായ കൂരയിലാണ് കൊച്ചുനാരായണന്റെ മകൾ പാരിപ്പള്ളി വേളമാനൂർ ഉമാ മന്ദിരത്തിൽ 67കാരിയായ

സുശീലാദേവിയും 42 വയസുള്ള മകനും കഴിയുന്നത്. സിംഗപ്പൂർ റേഡിയോയിൽ ജോലി ചെയ്തിരുന്ന കൊച്ചുനാരായണന്റെ ഏക സമ്പാദ്യമാണ് ഇൗ വീട്. സിംഗപ്പൂരിൽ വച്ചാണ് കൊച്ചുനാരായണൻ സുഭാഷ്ചന്ദ്ര ബോസിനെ നേരിൽ കാണുന്നതും തുടർന്ന് എെ.എൻ.എ ഭടനാകുന്നതും.

റീ സർവേയ്ക്ക് മുമ്പ് ഈ വസ്തുവിന്റെ പ്രമാണം വച്ച് ബാങ്കിൽ നിന്ന് വായ്പ എടുത്തിട്ടുണ്ട്. ഇതിൽ 17,000 രൂപ തിരിച്ചടയ്ക്കാനാവാതെ വന്നപ്പോൾ ജപ്തിയായി. തിരിച്ചടവിന് ഇളവ് തരണമെന്ന് കെ.എം. മാണി റവന്യൂ മന്ത്രിയായിരുന്നപ്പോൾ സുശീലാദേവി അപേക്ഷിച്ചു. അതിന്റെ അടിസ്ഥാനത്തിൽ തവണകളായി അടച്ച് കുടിശിക തീർത്തതോടെ പ്രമാണം തിരിച്ചുകിട്ടി. തുടർന്ന് കരമൊടുക്കാൻ ചെന്നപ്പോഴാണ് പുറമ്പോക്ക് ഭൂമിയാണെന്ന് വില്ലേജ് ഓഫീസ് അധികൃതർ റീസർവേ രേഖകൾ കാട്ടി പറയുന്നത്. സുശീലാദേവി മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർനടപടിക്ക് പരാതി ജില്ലാ കളക്ടർക്ക് നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.

കൊച്ചുനാരായണനും ഭാര്യയും മരണമടഞ്ഞു. ആറ് മക്കളിൽ അവിവാഹിതനും പാചകത്തൊഴിലാളിയുമായ മകന്റെ തണലിലാണ് സുശീലാദേവി കഴിയുന്നത്.

കഴുത്തിൽ വെടിയുണ്ടയുമായി

ബ്രിട്ടീഷ് പട്ടാളം നേതാജിയെ ഉന്നം വച്ച് വെടിയുതിർത്തപ്പോൾ മുന്നിൽ ചാടിവീണ് വെടിയുണ്ട സ്വന്തം ശരീരത്തിലേറ്റുവാങ്ങിയ കൂറാണ് കൊച്ചുനാരായണനുള്ളത്. സിംഗപ്പൂരിൽ കഴിഞ്ഞപ്പോഴായിരുന്നു സംഭവം. കഴുത്തിൽ ആ വെടിയുണ്ടയുമായാണ് കൊച്ചുനാരായണൻ ജീവിച്ചത്. എടുത്തുകളഞ്ഞാൽ ജീവൻ അപകടത്തിലാവുമെന്ന് ഡോക്ടർമാർ ഉപദേശിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പ് ബി.എ ഒാണേഴ്സ് പാസായ അപൂർവം മലയാളികളിൽ ഒരാളായ കൊച്ചുനാരായണൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായതോടെ ബ്രിട്ടീഷ് പൊലീസ് നിരന്തരം വീട് വളയാൻ തുടങ്ങി. തുടർന്നാണ് വീട്ടുകാർ സിംഗപ്പൂരിലേക്ക് അയച്ചത്. എന്നാൽ, അവിടെ നേതാജിയിൽ ആകൃഷ്ടനായി മുന്നണിപ്പോരാളിയായി.