
തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തിന്റെ മാതൃകയിൽ കഴക്കൂട്ടത്ത് നിർമ്മിക്കുന്ന വൈദ്യുത ശ്‌മശാനം രണ്ട് വർഷം പിന്നിട്ടും പ്രവർത്തനക്ഷമമായില്ല. വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത് മേയർ ആയിരിക്കെ 2019ലാണ് ശാന്തിതീരം എന്ന പേരിൽ നിർമിക്കുന്ന ശ്‌മശാനത്തിന് തറക്കല്ലിട്ടത്. എന്നാൽ ഇതുവരെയും പണി പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
കഴക്കൂട്ടം കാട്ടുകുളത്തിന് സമീപം നഗരസഭയുടെ ഉടമസ്ഥതയിലുള്ള പഴയ ശ്മശാനഭൂമിയിലെ 45 സെന്റ് സ്ഥലത്താണ് ശ്‌മശാനം നിർമിക്കുന്നത്. ഉദ്യാനവും പാർക്കുമുൾപ്പെടെ 1.88 കോടി രൂപയാണ് നിർമാണച്ചെലവ്. 4500 ചതുരശ്രയടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന ശാന്തിതീരത്തിൽ പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.
 ഗ്യാസ് ക്രിമിറ്റോറിയം
വൈദ്യുത ശ്മശാനമാണ് ലക്ഷ്യമിട്ടതെങ്കിലും റെയിൽവേ ലൈനിനോട് ചേർന്നായതിനാൽ റെയിൽവേ അനുമതി നൽകിയില്ല. തുടർന്ന് ഗ്യാസ് ബർണറുകളാണ് ഇനി സ്ഥാപിക്കുക. ഗ്യാസിൽ പ്രവർത്തിക്കുന്ന മൂന്ന് ബർണറുകൾക്ക് അനുമതി ലഭിച്ചതിന് പിന്നാലെ ടെൻഡർ വിളിച്ച് കരാർ നൽകിയെങ്കിലും കരാറുകാരൻ പണി ആരംഭിക്കുന്നതിന് മുമ്പ് മരിച്ചു. ഇതോടെ പണി മുടങ്ങി. ഇനി പുതിയ ടെൻഡർ വിളിച്ച് കരാർ നൽകണം. എന്നാൽ, പിന്നീട് നിർമാണം മുന്നോട്ട് പോയില്ല. അതേസമയം, ശ്‌മശാനത്തിന്റെ പ്രധാന കെട്ടിടം, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. കവാടത്തിന്റെയും ടോയ്‌ലറ്റ് ബ്ലോക്കിന്റെയും പണികൾ നടക്കുന്നു. തറയോട് പാകുന്ന ജോലിയും അവശേഷിക്കുന്നുണ്ട്.
 ദുർഗന്ധമില്ല
ദുർഗന്ധമോ ചുടുകാടിന്റെ അന്തരീക്ഷമോ ഇല്ലാത്ത ശ്മശാനമാണ് ഇവിടെ ഉയരുക. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിബന്ധനകൾ പാലിച്ചുളള ഗ്യാസ് ക്രിമറ്റോറിയങ്ങളായിരിക്കും ഇവിടെയുണ്ടാവുക. സംസ്‌കാര ചടങ്ങിനെത്തുന്നവർക്ക് ഇരിക്കാനും കർമം നടത്താനും കുളിക്കാനും വസ്ത്രം മാറാനും മുറികളും ഉണ്ടാകും. ശ്മശാനത്തിനോട് ചേർന്ന് ശുചിമുറി, വരാന്ത, ഓഫീസ് റൂം എന്നിവയാണ് കവാടത്തിനു സമീപത്തായി നിർമിക്കുന്നത്. നിലവിലെ പ്രവേശന ഭാഗം അടച്ചു പടിഞ്ഞാറ് ഭാഗത്താണ് കവാടം പണിയുക. മൃതദേഹം സംസ്‌കരിക്കുമ്പോഴുള്ള പുക മുഴുവനായും വെള്ളത്തിൽ കടത്തിവിട്ടു ശുദ്ധീകരിച്ച ശേഷം 30 മീറ്റർ ഉയരത്തിലുള്ള കുഴൽ വഴി പുറന്തള്ളും.അതിനാൽ ശ്മശാനത്തിൽ നിന്ന് ദുർഗന്ധം വമിക്കില്ല. എട്ട് സിലിണ്ടറുകളിൽ നിന്ന് ഒരേസമയം ഒരേ അളവിൽ ഗ്യാസ് കടത്തിവിട്ടാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുക. എട്ട് സിലിണ്ടർ ഉപയോഗിച്ചു 14 മൃതദേഹങ്ങൾ ദഹിപ്പിക്കാനാകും. ആദ്യത്തെ ഒരു മൃതദേഹം ചാരമാകാൻ മുക്കാൽ മണിക്കൂർ മതി. പിന്നീടുള്ള മൃതദേഹങ്ങൾ 30 മിനിട്ടിനുള്ളിൽ ചാരമാകും.
 കാട്ടുകുളം നവീകരിക്കും
ശ്‌മശാനത്തിന് സമീപത്തെ ഒരേക്കറിലധികം വരുന്ന കാട്ടുകുളം ശുചീകരിച്ച് പൂന്തോട്ടവും പാർക്കുമുൾപ്പെടെയുള്ള നീന്തൽക്കുളമാക്കി മാറ്റാനും നഗരസഭയ്ക്ക് പദ്ധതിയുണ്ട്. ശ്മശാന ഭൂമിയുടെ ഒരു ഭാഗത്ത് ആകർഷകമായ പാർക്കും ഗാർഡനും ഒരുക്കുന്നുണ്ട്.