pinarayi-vijayan

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്നിൽ ഭാവി കേരളത്തെ കുറിച്ച് ചോദ്യങ്ങൾ അവതരിപ്പിക്കാനെത്തിയവർ യാതൊരു പ്രതീക്ഷയുമില്ലാതെ മടങ്ങി. ഭാവി കേരളത്തെ കുറിച്ച് യുവത പറയുന്നു’ എന്ന പേരിൽ യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സ്‌പീക്ക് യംഗ് പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കാൻ എത്തിയവർ ഒടുവിൽ സ്ക്രീനിംഗ് കമ്മിറ്റിക്ക് മുന്നിൽ ചോദ്യങ്ങൾ അവതരിപ്പിച്ച് മടങ്ങി.

സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് ‘കുഴപ്പമില്ല’ എന്നു ഉറപ്പുവരുത്തിയ ചോദ്യങ്ങൾ മാത്രമാണ് അവതരിപ്പിക്കാൻ അവസരം നൽകിയത്. അതൊന്നും മുഖ്യമന്ത്രി നേരിട്ടു കേട്ടുമില്ല. മുഖ്യമന്ത്രിയുടെ പ്രസംഗമടക്കം റെക്കോർഡ് ചെയ്‌താണ് കേൾപ്പിച്ചത്. പിൻവാതിൽ നിയമന വിവാദത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുമെന്ന് ഭയന്നാണ് സർക്കാർ സ്‌ക്രീനിംഗ് കമ്മിറ്റിയെ നിയോഗിച്ചതെന്നാണ് ആരോപണം.

സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിൽ ഒരേ സമയം ആയിരുന്നു പരിപാടി. ആദ്യത്തെ 18 മിനിറ്റോളം സർക്കാരിന്റെ നേട്ടങ്ങളുടെ ഡോക്യുമെന്ററിയാണ് അവതരിപ്പിച്ചത്. തുടർന്ന് യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷിന്റെയും അദ്ധ്യക്ഷത വഹിച്ച മന്ത്രി ഇ പി ജയരാജന്റെയും റെക്കോർഡ് ചെയ്‌ത പ്രസംഗം. തുടർന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടനം. നീണ്ട 15 പ്രസംഗങ്ങൾ അവസാനിച്ചതോടെ അതതു സ്ഥലങ്ങളിൽ സമ്മേളനം തുടങ്ങി.

സ്ഥലം എം എൽ എ, പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസ അർപ്പിക്കുന്നതിന് ഇടയിലാണ് നിർദ്ദേശങ്ങൾ‌ അവതരിപ്പിക്കാൻ അവസരം നൽകിയത്. അതതു യോഗത്തിൽ പങ്കെടുത്തവർക്ക് അല്ലാതെ നിർദേശങ്ങൾ മറ്റാർക്കും അറിയാൻ കഴിഞ്ഞില്ല. എല്ലായിടത്തെയും നിർദ്ദേശങ്ങൾ യുവജന ക്ഷേമ ബോർഡ് ഏകോപിപ്പിച്ച് സർക്കാരിന് സമർപ്പിക്കുമെന്നാണ് വിശദീകരണം.