
ന്യൂയോർക്ക്: യുഎന്നിലെ ഇന്ത്യൻ വംശജയായ ഉദ്യോഗസ്ഥ അടുത്ത സെക്രട്ടറി ജനറൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ (യു എൻ ഡി പി) ഓഡിറ്റ് കോർഡിനേറ്ററായി ജോലി ചെയ്യുന്ന അറോറ അകാൻക്ഷയാണ് (34) താൻ മത്സരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചിരിക്കുന്നത്.
തനിക്ക് മുൻപ് ഈ സ്ഥാനത്ത് ഇരുന്നവർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്നാണ് വീഡിയോയിൽ പറയുന്നത്. '75 വർഷമായി യുഎൻ ലോകത്തോടുള്ള വാഗ്ദ്ധാനം നിറവേറ്റുന്നില്ല. അഭയാർത്ഥികളെ സംരക്ഷിച്ചിട്ടില്ല. മാനുഷിക പരിഗണന നൽകുന്ന കാര്യത്തിലും, സാങ്കേതികവിദ്യയുടെയുമൊക്കെ കാര്യത്തിൽ പിന്നോട്ടുപോകുകയാണ്.
ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ എനിക്ക് കഴിയും. അതുകൊണ്ടാണ് ഞാൻ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.'- അവർ വീഡിയോയിൽ പറയുന്നു. അതോടൊപ്പം ഒരു ബൈസ്റ്റാൻഡറായി മാത്രം ഇരിക്കാൻ തനിക്ക് കഴിയില്ലെന്നും, ലോകത്തിന് മികച്ചത് നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
യുഎൻ രാഷ്ട്രീയക്കാരെ സേവിക്കുന്നത് അവസാനിപ്പിച്ച് ജനങ്ങളെ സേവിക്കാൻ തുടങ്ങേണ്ട സമയമാണിതെന്നും വീഡിയോയിൽ അകാൻക്ഷ പറയുന്നു. ഒരു പുതിയ ഐക്യരാഷ്ട്രസഭയുടെ സമയമാണിതെന്നും, അഭയാർത്ഥികളുടെ രക്ഷാധികാരിയായ യുഎൻ, മാനുഷിക പ്രതിസന്ധികൾ പരിഹരിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങളിൽ മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അവർ പറയുന്നു.
അറോറ യോർക്ക് സർവകലാശാലയിൽ നിന്നാണ് ബിരുദമെടുത്തത്. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ നേടി. സ്ഥാനാർത്ഥിയാകാനുള്ള ഔദ്യോഗിക അംഗീകാരത്തിനായി അറോറ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂചന.
Thank you for your support! Please go on https://t.co/Gb2t2vrh3L and vote for a #UNThatWorks. We the people are more powerful than any system. pic.twitter.com/nVzS6hYHuo
— Arora Akanksha (@arora4people) February 12, 2021
അഞ്ചു വർഷമാണ് സെക്രട്ടറി ജനറലിന്റെ കാലാവധി. നിലവിലെ സെക്രട്ടറി ജനറലായ അന്റോണിയോ ഗുട്ടറസ് 2017 ജനുവരി ഒന്നിനായിരുന്നു സ്ഥാനമേറ്റത്. 2021 ഡിസംബർ 31 ന് ഗുട്ടറസിന്റെ കാലാവധി അവസാനിക്കും. 2022 ജനുവരിയിൽ അദ്ദേഹം തന്നെ രണ്ടാം വട്ടവും ആ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഒൻപതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറസ്. 75 വർഷത്തെ ചരിത്രത്തിൽ ഒരു സ്ത്രീയും ഇതുവരെ ഈ പദവിയിലെത്തിയിട്ടില്ല.