
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിന് അപകടങ്ങളുടെ 'തല' സ്ഥാനമെന്ന പേര് കൂടി. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത പൊലീസ് ജില്ല തിരുവനന്തപുരമാണെന്ന് സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകളിൽ പറയുന്നു. 2020ൽ 348 അപകടങ്ങൾ ഉണ്ടായ തലസ്ഥാന ജില്ലയിൽ 367 പേരാണ് മരണമടഞ്ഞത്. സിറ്റി, റൂറൽ മേഖലകളിലെ കണക്കുകൾ പ്രകാരമാണിത്. 252 അപകടങ്ങളിൽ 273 മരണങ്ങളുമായി പാലക്കാട് ജില്ലയാണ് രണ്ടാമത്.
അപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ റൂറൽ പൊലീസ് ജില്ലയിലാണ്. കഴിഞ്ഞ വർഷം 241 അപകടങ്ങളിൽ 259 പേരാണ് റൂറലിൽ മരിച്ചത്. സിറ്റി മേഖലയിലുണ്ടായ 107 അപകടത്തിൽ 108 പേരും മരിച്ചു. റൂറൽ മേഖലയിൽ കഴിഞ്ഞവർഷം 2343 അപകടങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത്. ഇത്രയും അപകടങ്ങളിലായി 1987പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതേ കാലയളവിൽ തിരുവനന്തപുരം നഗരത്തിൽ 1214 അപകടങ്ങളാണ് രജിസ്റ്റർ ചെയ്തത്. 976 പേർക്ക് ഗുരുതര പരിക്കേറ്റു.
അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തിയതെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് വ്യാപകമായി പടർന്നുപിടിച്ചതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമാണ് അപകട നിരക്കിൽ ഗണ്യമായ കുറവുണ്ടാക്കിയത്. റൂറൽ പൊലീസ് പരിധിയിൽ അപകടങ്ങളുണ്ടായതിനുള്ള പ്രധാന കാരണം ഭൂമിശാസ്ത്രപരമായ സവിശേഷതകളാണെന്നും റൂറൽ എസ്.പി പി.കെ.മധു വിശദീകരിച്ചു.
പഴയതിനെക്കാൾ റോഡുകൾ കൂടുതൽ മികച്ചതായതും അപകടങ്ങൾക്ക് കാരണമാകുന്നതായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. റോഡുകൾ ടാർ ചെയ്ത് കുഴികളില്ലാതെ ആക്കിയതിനാൽ തന്നെ ഇരുചക്ര വാഹനങ്ങൾ അനുവദിച്ചിരിക്കുന്നതിലും കൂടുതൽ വേഗത്തിലാണ് നിരത്തുകളിലൂടെ ചീറിപ്പായുന്നത്. കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും നിയമലംഘനങ്ങൾ നിത്യസംഭവമായി മാറിയിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള പുതിയ റോഡ് ഇതിന് ഉദാഹരണമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഈ റോഡ് ഗതാഗതയോഗ്യമായതിന് പിന്നാലെ ഇവിടെ അപകടങ്ങളും ഉയർന്നിട്ടുണ്ടെന്ന് പൊലീസ് സമ്മതിക്കുന്നുണ്ട്.