election

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നോടിയായുള‌ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയുടെയും കമ്മീഷൻ അംഗങ്ങളുടെയും സന്ദർശനം തുടങ്ങി. മുഖ്യ രാഷ്‌ട്രീയ കക്ഷികളുമായി കമ്മീഷൻ നടത്തിയ കൂടിക്കാഴ്‌ചയിൽ തിരഞ്ഞെടുപ്പ് ഏപ്രിൽ മദ്ധ്യത്തോടെ നടത്തണമെന്ന് ഇടത് പാർട്ടികൾ ആവശ്യപ്പെട്ടു.

അതേസമയം ഏപ്രിൽ 8നും 12നുമിടയിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യമുന്നയിച്ചത്. വോട്ടിംഗ് സമയം രാവിലെ 7 മുതൽ വൈകിട്ട് 5വരെ മതിയെന്നും വോട്ടർപട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കാൻ നടപടി വേണമെന്നും കമ്മീഷനോട് കോൺഗ്രസ് അഭ്യ‌ർത്ഥിച്ചു. എന്നാൽ മേയ് 16ന് മുൻപായി മാത്രം തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നാണ് ബിജെപിയുടെ ആവശ്യം. പോസ്‌റ്റൽ വോട്ടിലും വയോധികർക്കുള‌ള വോട്ടിലും കൊവിഡ് ബാധിച്ചവരുടെ വോട്ടിലും ദുരുപയോഗമുണ്ടാകുമെന്നും ബിജെപി ആശങ്ക പ്രകടിപ്പിച്ചു. 2016ൽ മേയ് 16നാണ് തിരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും റംസാൻ കഴിഞ്ഞ് മേയ് 16ന് മുൻപായി തിരഞ്ഞെടുപ്പ് മതിയെന്നാണ് ബിജെപിയുടെ ആവശ്യം.

പരസ്യ‌പ്രചാരണം അവസാനിക്കുന്ന ദിവസം പതിവുള‌ള കലാശക്കൊട്ട് അനുവദിക്കണമെന്നും ഒറ്റ ഘട്ടമായിത്തന്നെ വോട്ടിംഗ് നടത്തണമെന്നും മുന്നണികൾ ആവശ്യപ്പെട്ടു. മലപ്പുറത്തെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് മുസ്ളീംലീഗ് ആവശ്യപ്പെട്ടു.

അതേസമയം കേരളത്തിലെ രൂക്ഷമായ കൊവിഡ് വ്യാപനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്ക അറിയിച്ചു. മലപ്പുറത്തെ ഉപതിരഞ്ഞെടുപ്പ് എന്ന ലീഗ് ആവശ്യം പരിഗണിക്കാമെന്നും കമ്മീഷൻ പറഞ്ഞു. ഉദ്യോഗസ്ഥരുമായി തിരഞ്ഞെടുപ്പ് നടപടികൾ ചർച്ച നടത്തിയ ശേഷം കമ്മീഷൻ നാളെ തിരികെ മടങ്ങും. പിന്നീട് ഒരാഴ്‌ചയ്‌ക്കകം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചേക്കും.