
ന്യൂഡൽഹി: ബി ജെ പിയിലെ സംഘടനാപ്രശ്‌നങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ശോഭാ സുരേന്ദ്രൻ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുടെ ഇടപെടലിന് ശേഷവും പ്രശ്‌ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രധാനമന്ത്രിയെ കണ്ടത്. നാളെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, ശോഭ ഉന്നയിച്ച പ്രശ്‌നങ്ങൾ സംസ്ഥാന നേതാക്കളുമായി സംസാരിക്കും.
വിഷയത്തിൽ എന്തെങ്കിലും ഇടപെടൽ പ്രധാനമന്ത്രി നടത്തുമോ എന്ന ചോദ്യത്തിന്, അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാൻ അഖിലേന്ത്യ അദ്ധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആൾക്കാരും ഉണ്ടല്ലോയെന്നായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.
നീണ്ട പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്‌ചയാണ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തിയത്. ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ശോഭാ സുരേന്ദ്രൻ എത്തിയത്. സംഘടനാ പ്രശ്‌നത്തിൽ ദേശീയ അദ്ധ്യക്ഷൻ പറഞ്ഞതിൽ കൂടുതലായി ഒന്നും പറയാനില്ലെന്നാണ് ശോഭ സുരേന്ദ്രൻ അന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. താൻ യോഗത്തിൽ പങ്കെടുക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. മാദ്ധ്യമങ്ങൾ പല ചോദ്യങ്ങളും ചോദിച്ചെങ്കിലും അതിൽ നിന്നൊഴിഞ്ഞു മാറിയ ശോഭ പാർട്ടി ഭാരവാഹികളുടെ യോഗത്തിലേക്ക് കടക്കുകയാണ് ചെയ്‌തത്.