
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തത് വിവാദമായതിന് പിന്നാലെ ഇടത്പക്ഷം സംഘടിപ്പിച്ച പരിപാടിയിലും പൊലീസ് സാന്നിദ്ധ്യം. പന്തളത്ത് എസ്.എഫ്.ഐ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസ് ഉദ്യോഗസ്ഥൻ പങ്കെടുത്തെന്ന് പരാതി. സിപിഎം പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി ഉദ്‌ഘാടനം ചെയ്‌ത എസ്.എഫ്.ഐ പൂർവകാല പ്രവർത്തകരുടെ കൂട്ടായ്‌മയിൽ ചെങ്ങന്നൂർ ട്രാഫിക് സ്‌റ്റേഷനിലെ സിപിഒ വിവേക് പങ്കെടുത്തു എന്ന് ആക്ഷേപം.
സംഭവത്തിൽ കോൺഗ്രസ് പരാതിയുമായി എത്തിയിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്ക് ഇതുസംബന്ധിച്ച പരാതി നൽകി. കഴിഞ്ഞ ദിവസം നാല് പൊലീസ് ഉദ്യോഗസ്ഥർ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തത് ചർച്ചയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിയ സ്‌പെഷ്യൽ ബ്രാഞ്ച് നാല് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്‌തു.