
ന്യൂഡൽഹി: ഇന്ത്യൻ ജുഡീഷ്യറി ജീർണാവസ്ഥയിലാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസും രാജ്യസഭാ എം പിയുമായ രഞ്ജൻ ഗൊഗോയ്. നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാർഗരേഖ കൊണ്ടുവരണമെന്നും ഗൊഗോയ് ആവശ്യപ്പെട്ടു. ആരാണ് കോടതിയിൽ പോകുന്നത്. നിങ്ങൾ കോടതിയിൽ പോയാൽ ഖേദിക്കേണ്ടി വരും. കോടതിയെ സമീപിക്കുന്നവർക്ക്, വൻകിട കോർപ്പറേറ്റുകളെപ്പോലെ എത്ര തവണ കോടതിയിൽ പോകാനാകുമെന്നും ജസ്റ്റിസ് ഗൊഗോയ് ചോദിച്ചു.
ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നുവെന്നും ഗൊഗോയ് വിമർശിച്ചു. ഇന്ത്യയിലെ കീഴ് കോടതികളിൽ 60 ലക്ഷത്തോളം കേസുകൾ 2020ൽ എത്തിച്ചേർന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളിൽ തീർപ്പു കൽപ്പിക്കാത്ത കേസുകളുടെ എണ്ണം പോയവർഷം മൂന്ന് ലക്ഷത്തോളം ഉയർന്നു.
കീഴ് കോടതികളിൽ നാല് കോടിയോളവും ഹൈക്കോടതികളിൽ 44 ലക്ഷത്തോളവും സുപ്രീംകോടതിയിൽ എഴുപതിനായിരത്തോളവും കേസുകൾ തീർപ്പുകൽപ്പിക്കാതെ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിൽ ജൂഡീഷ്യറിക്ക് ഒരു മാർഗരേഖ തയാറാക്കേണ്ട സമയമായി. ജഡ്‌ജി എന്നത് മുഴുവൻ സമയം പ്രവർത്തിക്കുന്ന ജോലിയാണ്. അതൊരു അഭിനിവേശമാണെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു.
ഗൊഗോയിക്കെതിരായ ലൈംഗിക ആരോപണം സംബന്ധിച്ച് പാർലമെന്റിലെ പ്രതിപക്ഷ ആരോപണത്തിന് എതിരെ കോടതിയിൽ പോകുമോ എന്ന ചോദ്യത്തിന് കോടതിയിലേക്ക് പോവുകയാണെങ്കിൽ, അവിടെ വിഴുപ്പ് അലക്കണം. നിങ്ങൾക്ക് അവിടെനിന്ന് ഒരു വിധിയും ലഭിക്കില്ലെന്നായിരുന്നു രഞ്ജൻ ഗൊഗേയിയുടെ പ്രതികരണം.