
ജയ്‌പൂർ: തന്റെ മുത്തശ്ശിയും അച്ഛനും ചില കാര്യങ്ങളെ എതിർത്തതുമൂലമാണ് കൊല്ലപ്പെട്ടതെന്നും അവരെയോർത്ത് തനിക്ക് അഭിമാനമാണുളളതെന്നും രാഹുൽഗാന്ധി. ഷിക്കാഗോ സർവകലാശാലയിലെ വിദ്യാർത്ഥികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് രാഹുൽ ഇങ്ങനെ പ്രതികരിച്ചത്.
ട്വിറ്ററിൽ തന്നെക്കുറിച്ചുളള ട്രോളുകൾ കാണാറുണ്ടെന്നും തന്നെ മുന്നോട്ട് നയിക്കുന്ന പ്രധാന ഘടകമാണ് ട്രോളുകളെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ട്രോളുകൾ തന്റെ വിവേകശക്തിയുടെ മൂർച്ചകൂട്ടുന്നു. 'ഞാൻ എന്തിനുവേണ്ടി നിലകൊളളണമെന്നും എവിടെ നിൽക്കുന്നുവെന്നും ട്രോളുകൾ മനസ്സിലാക്കി തരുന്നു.' രാഹുൽ പറഞ്ഞു.
തനിക്ക് സ്വന്തം കാഴ്‌ചപ്പാടുകൾ ഉണ്ടെന്നും പലപ്പോഴും മനസ്സിനുളളിൽ ആശയസംഘട്ടനം നടക്കാറുണ്ടെന്നും അത് തനിക്ക് സ്വയം വിലയിരുത്താൻ സഹായിക്കുമെന്നും രാഹുൽ പറഞ്ഞു. മുതുമുത്തച്ഛന്റെയോ മുത്തച്ഛന്റെയോ ആശയങ്ങളല്ല സ്വന്തം ആശയങ്ങൾക്കാണ് വില നൽകുന്നതെന്നും അതിനായാണ് പോരാടുകയെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
കുടുംബവാഴ്‌ച സംബന്ധിച്ച ചോദ്യങ്ങളെ രാഹുൽ പ്രതിരോധിച്ചു. 1984 മുതൽ 89 വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായത്. അതിനുശേഷം ആരും ആ സ്ഥാനത്തെത്തിയില്ല. 2004 മുതലുളള യുപിഎ സർക്കാരിൽ തന്റെ കുടുംബാംഗങ്ങളാരും ഉണ്ടായിരുന്നില്ല. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി തന്റെ കുടുംബത്തിലാരും അധികാരത്തിലെത്തിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി രാഹുൽ പറഞ്ഞു. ഓരോ കാലത്തും പലതരം വീക്ഷണങ്ങളുണ്ട്. ഈ നൂറ്റാണ്ടിന്റെ ആദ്യഭാഗത്തിനുളള വീക്ഷണം കോൺഗ്രസ് നൽകി. ഹരിതവിപ്ളവം, ഉദാരവൽക്കരണം എന്നിവയുടെ വീക്ഷണമേകി. 1990കളിലെ വീക്ഷണത്തിന്റെ പുതിയൊരു ഭാഗം 2004ൽ നൽകി അത് 2012ൽ അവസാനിച്ചു.
എന്നാൽ പ്രധാനമന്ത്രി അവതരിപ്പിച്ച വീക്ഷണം വലിയ ദുരന്തമായി. കൃഷിയെ മുന്നോട്ട് കൊണ്ടുപോകാൻ കാർഷികസംവിധാനത്തെ തകർത്തുകൊണ്ട് പോകുന്നത് അംഗീകരിക്കില്ല. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും ഇതിനായി പാർലമെന്റിൽ ചർച്ചകൾ വേണമെന്നും രാഹുൽ പറഞ്ഞു.