
ന്യൂഡൽഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ റദ്ധാക്കിയതിനുശേഷം മോദി സർക്കാർ അവിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ കണക്കുചോദിച്ച കോൺഗ്രസിനോട് 70 വർഷം കോൺഗ്രസ് നടത്തിയ വികസനങ്ങളുടെ കണക്ക് ചോദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കഴിഞ്ഞ പതിനേഴുമാസത്തെ വികസനപ്രവർത്തനങ്ങളുടെ കണക്ക് ചോദിക്കുന്നവർ പഴയപാർട്ടിയുടെ 70 വർഷത്തെകണക്ക് നൽകണമെന്ന് അമിത് ഷാ ലോക്സഭയിൽ ആവശ്യപ്പെട്ടു. ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം നിർത്തലാക്കുന്നവേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളെപ്പറ്റി ലോക്സഭയിൽ ചോദ്യം ഉന്നയിച്ച കോൺഗ്രസ് നേതാവ് ആദിർ രഞ്ജൻ ചൗദ്ധരിക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആർട്ടിക്കിൾ 370 നിർത്തലാക്കിയ വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ എന്തു ചെയ്തു എന്നാണ് നിങ്ങൾ ചോദിക്കുന്നത്. അത് സംഭവിച്ചിട്ട് പതിനേഴ് മാസം കഴിഞ്ഞപ്പോഴേക്കും നിങ്ങൾ കണക്കുകൾ ചോദിക്കുന്നു. 70 വർഷം നിങ്ങൾ ചെയ്തതിന്റെ കണക്ക് നിങ്ങൾ കൊണ്ടുവന്നിട്ടുണ്ടോ? നിങ്ങൾ ശരിയായ രീതിയിൽ ജോലി ചെയ്തിരുന്നുവെങ്കിൽ ഈ ചോദ്യം നിങ്ങൾക്ക് ചോദിക്കേണ്ടി വരില്ലായിരുന്നെന്നും അമിത് ഷാ സഭയിൽ മറുപടി നൽകി.
#Breaking | 'We were asked what did we do about promises made during abrogation of Article 370. It has been 17 months since the abrogation & you are demanding an account for it. Did you bring the account of what you did for 70 yrs?', Home Minister @AmitShah asks @INCIndia. pic.twitter.com/pkuorJC1RU
— TIMES NOW (@TimesNow) February 13, 2021
എനിക്ക് ഒരു എതിർപ്പും ഇല്ല. ഞാൻ എല്ലാത്തിന്റെയും കണക്കുകൾ നൽകാൻ തയ്യാറാണ്. എന്നാൽ തലമുറകളായി ഭരണം നടത്താൻ അവസരം ലഭിച്ചവർ കണക്കുകൾ ചോദിക്കാൻ യോഗ്യരാണോയെന്ന് ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ പറഞ്ഞു.
2021 ലെ ജമ്മുകാശ്മീർ പുനഃസംഘടനാ ബില്ലിനെപ്പറ്റി സഭയിൽ സംസാരിച്ച അമിത് ഷാ ബില്ലിൽ എവിടെയും ജമ്മുകാശ്മീരിന് സംസ്ഥാന പദവി ലഭിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഈ ബില്ലിന് സംസ്ഥാന പദവിയുമായി ഒരു ബന്ധവുമില്ല. ജമ്മുകാശ്മീരിന് ശരിയായ സമയത്ത് സംസ്ഥാന പദവി നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.