
ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്കനിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ 19 ആയി ഉയർന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സൂചനയെന്നാണ് റിപ്പോർട്ടുകൾ. അനധികൃതമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നത്. അനുവദനീയമായതിലും കൂടുതൽ പേര്‍ ഇവിടെ ജോലി ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പടക്കനിർമാണ ശാലയുടെ ഉടമ സന്താനമാരി ഉൾപ്പെടെ മൂന്നുപേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽപ്പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്കായി 2,00,000 രൂപയുടെ ധനസഹായം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടുണ്ട്.